പതിവ് തെറ്റിക്കാതെ ശിവമണി സന്നിധാനത്ത്

പതിവ് തെറ്റിക്കാതെ തുടർച്ചയായ മുപ്പത്തി അഞ്ചാം വർഷവും ഡ്രമ്മർ ശിവമണി സന്നിധാനത്ത് എത്തി. അയ്യപ്പ ദർശനത്തിന് ശേഷം സന്നിധാനത്തെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ ശിവമണിയും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ വിരുന്നും ശ്രദ്ദേയമായി.

കറുപ്പ് വസ്ത്രം അണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തി പതിനെട്ട് പടികളും തൊട്ട് വന്ദിച്ച് ആദ്യം അയ്യപ്പ ദർശനം നടത്തിയ ഡ്രമ്മർ ശിവമണി തുടർന്ന് സോപാനത്തെ കാണിക്ക വഞ്ചിയിൽ അയ്യപ്പന് താളം വിസ്മയം തീർത്തു. തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം അയ്യപ്പന് സമർപ്പിക്കുന്നതായി ശിവമണി സന്നിധാനത്ത് പറഞ്ഞു.

പിന്നീട് ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ അയ്യപ്പൻമാരെ സാക്ഷിയാക്കി താള പെരുക്കങ്ങൾ തീർത്തു.

കഴിഞ്ഞ തവണ സുരക്ഷാ കാരണങ്ങളാൽ വേദിയിൽ അവസരം ലഭിക്കാത്തതിന്‍റെ സങ്കടം ഇത്തവണ തീർക്കുകയും ചെയ്തു. 1984 മുതല്‍ മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ് ശിവമണി. ശിവമണിയെ കാണാനും ഡ്രംസിന്‍റെ താളം ആസ്വാദിക്കാനും എത്തിയ നിരവധി ഭക്തര്‍ ശരണം വിളിച്ച് ഒപ്പംകൂടി.

തന്‍റെ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം അയ്യപ്പസ്വാമിയാണെന്ന് വിശ്വസിക്കുന്ന ശിവമണി ഭഗവാന്‍റെ കൃപയ്ക്ക് നന്ദി പറഞ്ഞാണ് സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്.  ശിവമണിക്കൊപ്പം കീബോർഡിസ്റ്റ് പ്രകാശ് ഉള്ളേരിയും സംഗീത പെരുമഴ തീർത്തപ്പോൾ സന്നിധാനത്ത് തടിച്ച് കൂടിയ അയ്യപ്പ ഭക്തരും താള വിസ്മയത്തിന്‍റെ ഭാഗമായി മാറി.

https://www.youtube.com/watch?v=AXs0ysVNcAE

SivamoniSabarimala
Comments (0)
Add Comment