ദീപം തെളിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാം… സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യുക എന്നുകൂടി പറയൂ : പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന നേതാവ്

Jaihind News Bureau
Saturday, April 4, 2020

പ്രധാനമന്ത്രി ദീപം തെളിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാമെന്നു പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണിക്ക് ഒമ്പതുമിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സഞ്ജയ് റാവത്തിന്‍റെ പരിഹാസം.

“ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ റോഡില്‍ ഒത്തുചേര്‍ന്ന് ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ എന്നുമാത്രമാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. സര്‍ ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം.” സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.