അർജുനും ലോറിയും എവിടെ? എട്ടാം ദിവസം പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍, കരയിലും പരിശോധന

 

ബംഗളുരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിനവും തുടരുന്നു. മണ്ണ് മാറ്റിയുള്ള പരിശോധനയില്‍ കരയില്‍ ലോറിയുടെ സാന്നിധ്യം ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അതിനാല്‍ പുഴ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന പുരോഗമിക്കുക. അത്യന്തം ദുഷ്കരമായ ദൗത്യമാണ്‌ മണ്ണിടിച്ചില്‍ പ്രദേശത്ത് പുരോഗമിക്കുന്നത്. ഇടവിട്ട് പെയ്യുന്ന കനത്ത മഴയാണ് ദൗത്യത്തിന് കൂടുതല്‍ വെല്ലുവിളി ഉയർത്തുന്നത്.

ഷിരൂരിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള പരിശോധന ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് തുടരും. റോഡിലെ മണ്ണ് മാറ്റിയിട്ടും ലോറിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതോടെയാണ് ലോറി ഉള്‍പ്പെടെ പുഴയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് എട്ടാം ദിനത്തിലെ തിരച്ചില്‍.

നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. എന്നാല്‍ കരയിലെ പരിശോധനയും അവസാനിപ്പിക്കില്ല. ഗംഗാവാലി പുഴയോരത്തും മണ്ണ് നീക്കം ചെയ്‌തുള്ള പരിശോധന തുടരും.

തിരച്ചിലിനിടെ കഴിഞ്ഞദിവസം ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ട്. എന്നാൽ മൃതദേഹം ഇവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിക്കുകയും ദൗത്യം വേഗത്തിലാക്കാനുളള നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എം.കെ. രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അത്യന്തം ദുഷ്കരമായ ദൗത്യം പ്രതികൂല സാഹചര്യത്തിലും പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുനെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്‍റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിംഗ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കട ഉടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

Comments (0)
Add Comment