ഷിരൂർ ദൗത്യം 11-ാം ദിവസം: ശക്തമായ മഴ, നദിയില്‍ അടിയൊഴുക്ക്; ലോറിയുടെ ക്യാബിനില്‍ അർജുന്‍റെ സാന്നിധ്യം ഉറപ്പിക്കാനായില്ല

 

ബംഗളുരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിവസം. ഗംഗാവാലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍റെ ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. ഇന്നുമുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാനാകൂ. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

ഗംഗാവാലി പുഴയില്‍ ലോറിയുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം ഇന്നലെ പറഞ്ഞിരുന്നു. ഗംഗാവാലി പുഴയിൽ നാലിടത്ത് ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലോറിയുടെ ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന. ലോറിയുള്ള ഭാഗം ലൊക്കേറ്റ് ചെയ്തെങ്കിലും കനത്ത മഴയെയും അടിയൊഴുക്കിനെയും തുടർന്ന് ദൗത്യസംഘത്തിന് ലോറിയുടെ ക്യാബിനടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തെർമല്‍ ഇമേജിംഗ് പരിശോധനയില്‍ ക്യാബിനുള്ളില്‍ അർജുന്‍റെ സാന്നിധ്യം ഉറപ്പിക്കാനുമായില്ല. ലോറി വെള്ളത്തിൽ മുങ്ങിയതിന് ശേഷം തടികൾ ഒഴുകിപ്പോകാനാണ് സാധ്യത. ലോറിയിലെ തടികള്‍ എട്ടുകിലോമീറ്റർ അപ്പുറത്ത് കരയ്ക്കടിഞ്ഞിരുന്നു.

പ്രദേശത്തെ ഇന്നത്തെ കാലാവസ്ഥ വിലയിരുത്തിയതിനു ശേഷം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ തുടർ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്‍റെ സ്ഥാനം കൂടുതൽ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 8 മുതൽ 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളത്. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ ഡ്രോൺ റഡാർ സംവിധാനമാണ് ഐബോഡ്. മലയാളിയായ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലാണ് ലോഹഭാഗങ്ങൾ കണ്ടെത്തിയ 4 ഇടങ്ങളുടെ സിഗ്നൽ മാപ്പ് തയാറാക്കിയത്. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ലോറിയുടെ ക്യാബിനില്‍ അർജുന്‍ ഉണ്ടോ എന്നത് ഉറപ്പിക്കാനാകും.

Comments (0)
Add Comment