ബംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ ഉള്ള ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് അർജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി. ഡ്രഡ്ജർ കൊണ്ട് വരാൻ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനരാരംഭിക്കണമെന്നാണ് ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ അർജുന്‍റെ കുടുംബം ആവശ്യപ്പെട്ടത്. അർജുന്‍റെ ബന്ധു ജിതിൻ, എം.കെ. രാഘവൻ എംപി, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെ കണ്ടത്. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തിരച്ചിൽ സാധ്യമാകില്ല.
ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സംഘം ഇന്ന് രാത്രി 10 മണിക്ക് കാണും. എത്രയും പെട്ടെന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ നടപടി ഉണ്ടാവുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്ജറാണ് ഗോവയിൽ നിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രഡ്‌ജറിന് സാധിക്കും. കൂടിക്കാഴ്ചയിൽ സംതൃപ്തി ഉണ്ടെന്ന് അർജുന്‍റെ ബന്ധു ജിതിൻ പ്രതികരിച്ചു. ഡ്രഡ്ജർ കൊണ്ട് വരുമെന്ന് ഉറപ്പ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.