കോഴിക്കോട്ട് 25 പേര്‍ക്കു കൂടി ‘ഷിഗല്ല’ ലക്ഷണങ്ങള്‍ ; ജാഗ്രത നിർദ്ദേശം

Jaihind News Bureau
Saturday, December 19, 2020

 

കോഴിക്കോട് : കോഴിക്കോട് ജില്ല ഷിഗല്ല രോഗഭീതിയിൽ. കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ 25 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കോര്‍പ്പറേഷന്‍ പരിധിയില്‍ കോട്ടമ്പറമ്പ് മുണ്ടിക്കല്‍താഴത്താണ് കഴിഞ്ഞ ദിവസം ല രോഗം സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ച്‌ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു.  കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 25 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍. ഇതില്‍ 9 പേര്‍ കുട്ടികളാണ്. 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ രോഗം ഗുരുതരമായാല്‍ മരണ സാധ്യത കൂടുതലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച്‌ പരിശോധനയക്ക് അയച്ചിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.