കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെത്തിയവര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിച്ച് ആശങ്കകൾ ദൂരീകരിക്കണമെന്ന് ഷിബു ബേബി ജോണ്‍

Jaihind News Bureau
Sunday, June 21, 2020

 

കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെത്തിയ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍. കേരളത്തിൽ കൊവിഡ് ടെസ്റ്റുകൾ കുറവാണെന്ന ആക്ഷേപം മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ആ ആശങ്കകളെ പുച്ഛിച്ച് തള്ളുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് പ്രതിരോധമാണ് ലക്ഷ്യമെങ്കിൽ  ഒളിച്ചുകളി അവസാനിപ്പിച്ച് ഇത്തരം ആശങ്കകൾ ദൂരീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തമിഴ്നാട് സർക്കാരിനെ ഉദ്ദരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നൽകിയ വാർത്തയാണിത്. കേരളത്തിൽ നിന്നെത്തിയവരെ ക്വാറൻ്റൈൻ ചെയ്ത് ടെസ്റ്റ് ചെയ്തപ്പോൾ കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ 47 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചെന്നും കേരളത്തിൽ സാമൂഹ്യ വ്യാപന സാധ്യത ഉണ്ടെന്നുമാണ് വാർത്ത പറയുന്നത്. എനിക്ക് നേരിട്ട് പരിചയമുള്ള ഒരാൾ ഇവിടെ നിന്നും മഹാരാഷ്ട്രയിലെത്തിയ ശേഷം ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. ഇതുകൂടാതെ കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോയ നാല് പേർക്കും കുവൈറ്റിലേക്ക് പോയ മൂന്ന് നേഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ വന്നിട്ടുണ്ട്. കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ കുറവാണെന്ന ആക്ഷേപം മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ആ ആശങ്കകളെ പുച്ഛിച്ച് തള്ളുകയാണുണ്ടായത്. സംസ്ഥാനത്തിലെ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കപ്പെടുകയാണെന്ന് സംശയമുണ്ടാകുന്ന പല സാഹചര്യങ്ങളുമുണ്ടായി. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. കോവിഡ് പ്രതിരോധമാണ് ലക്ഷ്യമെങ്കിൽ ഈ ഒളിച്ചുകളി അവസാനിപ്പിച്ച് ഇത്തരം ആശങ്കകൾ ദൂരീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുകയാണ് വേണ്ടത്.