തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്ക്കരിക്കുമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ബിജെപി ഭരണത്തിൽ സാധാരണക്കാരുടെ അവസ്ഥ ദയനീയമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ എതിർക്കുന്നവരെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഭരണത്തിൽ സാധാരണക്കാരുടെ അവസ്ഥ ദയനീയമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ബിജെപിയെ എതിർക്കുന്നവരെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുൽവാമ ആക്രമണം ഉപയോഗിച്ചുവെന്നും ഷിബു ബേബി ജോൺ ആരോപിച്ചു. ബിജെപിയെ നേരിടാൻ ഭൂരിപക്ഷ മതവിശ്വാസികളെ കൂടെ നിർത്തണം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തിയുള്ള പോരാട്ടം വൃഥാവിലാണ്. ബിജെപിയെ എതിർക്കാനുള്ള ഏക ശക്തി കോൺഗ്രസ് ആണ്. എന്തിനും ഏതിനും കോൺഗ്രസ്സിനെ കുറ്റപ്പെടുത്തരുതെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
നവകേരള സദസ്സിലൂടെ 140 മണ്ഡലങ്ങളിൽ പിണറായി പ്രസംഗിച്ചു. എന്നാൽ ഒരിടത്ത് പോലും മോദിയെ വിമർശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മോദിയെ എന്തുകൊണ്ട് വിമർശിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ മോദിയെ ശക്തമായി എതിർക്കുന്നത് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 20 സീറ്റിലും യുഡിഎഫ് ജയിക്കും. ബിജെപി കേരളത്തിൽ ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.