ഷെയ്ഖ് ഹസീന ഇന്ത്യയിൽ; ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

 

ധാക്ക: കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്‍റെ നിർദേശപ്രകാരം ഇവർ രാജിവെച്ച് രാജ്യം വിടുകയായിരുന്നു. സഹോദരിയോടൊപ്പം സൈനിക ഹെലികോപ്റ്ററിലാണ് രാജ്യംവിട്ടത്. ത്രിപുരയിലെ അഗർത്തലയിൽ ഇവർ എത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി രാജിവെച്ചതോടെ വലിയ ആഘോഷമാണ് ബംഗ്ലാദേശിൽ.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം ​സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. സർക്കാർ വിരുദ്ധ പ്ര​​​ക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വക്കറുസ്സമാൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരി​കെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി.

 

Comments (0)
Add Comment