“ന്യൂട്ടന്‍റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ, നിങ്ങള്‍ ചെയ്തതിന് അതേ നാണയത്തില്‍ തിരിച്ചടിയുണ്ടാകും” : ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശത്രുഘ്നന്‍ സിന്‍ഹ

Jaihind Webdesk
Sunday, March 24, 2019

ബി.ജെ.പിയെ വെല്ലുവിളിച്ച് എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ട്ടി തന്നോട് ചെയ്തതിനൊക്കെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് സിന്‍ഹ മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയത്. ബിഹാറിലെ പട്നാ സാഹിബ് മണ്ഡലത്തിലെ സിറ്റിംഗ് എം.പിയാണ് ശത്രുഘ്നന്‍ സിന്‍ഹ. സിന്‍ഹയ്ക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഇവിടെ നിന്നു മത്സരിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനമാണ് സിന്‍ഹയെ ചൊടിപ്പിച്ചത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ഗാന്ധിനഗര്‍ സിറ്റിംഗ് എം.പിയുമായ എല്‍.കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിനെയും സിന്‍ഹ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.  പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് അദ്വാനിക്ക് പകരം ഗാന്ധി നഗറില്‍ മത്സരിക്കുന്നത്.  അദ്വാനിക്ക് പകരം അമിത് ഷാ എന്നത് ഒരിക്കലും യോജിക്കുന്നതല്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി.

“ന്യൂട്ടന്‍റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ. എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകും. നിങ്ങളും നിങ്ങളുടെ ആളുകളും എന്നോട് ചെയ്തതൊക്കെ ഇപ്പോഴും സഹിക്കാനാവുന്നതാണ്. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും, ഗുരുസ്ഥാനീയനുമായ അദ്വാനിയോട് നിങ്ങള്‍ ചെയ്തത് ന്യായീകരിക്കാവുന്നതല്ല. നിങ്ങളുടെ ആളുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കഴിവും പ്രാപ്തിയും എനിക്കുണ്ട്” – ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.[yop_poll id=2]