‘ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ പരസ്യമായി ഭീഷണി മുഴക്കുന്നത് ഇതുവരെ കണ്ടിട്ടില്ല’; ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ ശശി തരൂര്‍ എം.പി

Jaihind News Bureau
Tuesday, April 7, 2020

 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി.  ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് താന്‍ കണ്ടിട്ടില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് അമേരിയ്ക്കയ്ക്കുള്ളതാകുന്നതെന്നും ഇന്ത്യ വില്‍പ്പന നടത്തിയാല്‍ മാത്രമേ അവര്‍ക്ക് അത് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ  ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന  വാക്‌സിനായ ഹൈഡ്രോക്‌സിക്ലോറോക്വീൻ അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം25 മുതല്‍ മരുന്നിന്‍റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മാനുഷിക പരിഗണയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ കയറ്റുമതി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.