ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം : ശശി തരൂര്‍

Jaihind News Bureau
Wednesday, May 27, 2020

 

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്‍റൈന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂർ എം.പി. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

‘തങ്ങളുടെ ജോലി നഷ്ടമായി മടങ്ങി വരുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. അത്തരത്തില്‍ എത്തുന്നവരോട് ക്വാറന്‍റൈന്‍ ചെലവുകള്‍ വഹിക്കണം എന്ന് പറയുന്നത് ദുഃഖകരമാണെന്ന് മാത്രമല്ല, കേരളം ഉയർത്തിപ്പിടിക്കുന്ന ആരോഗ്യസംരക്ഷണ മാതൃകയെ ഒറ്റിക്കൊടുക്കുകയുമാണ് ചെയ്യുന്നത്’ – ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ രക്ഷതേടി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇരുട്ടടി നൽകുകയാണ് സംസ്ഥാന സർക്കാർ. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ നഷ്ടമായി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർ ഉൾപ്പടെ ആർക്കും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാവില്ല എന്നതാണ് സർക്കാരിന്‍റെ നിലപാട്. കൂടിയ നിരക്കിൽ ടിക്കറ്റെടുത്ത് വരുന്നവർ സർക്കാർ പറയുന്ന തുകയാണ് ക്വാറന്‍റൈന്‍ ചെലവിനത്തിൽ നൽകേണ്ടത്. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് എത്തുന്ന സാഹചര്യത്തില്‍ ചെലവ് സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം. സർക്കാരിന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.