‘ദുരന്തമുഖത്തെ ഈ ഒത്തൊരുമയാണ് മലയാളികളെ വേറിട്ടുനിര്‍ത്തുന്നത്‌, ഇതാണ് എന്‍റെ കേരള മാതൃക’; പ്രശംസിച്ച് ശശി തരൂര്‍

Jaihind News Bureau
Saturday, August 8, 2020

 

കൊവിഡ് മഹാമാരിയേയും കനത്ത മഴയേയും വകവയ്ക്കാതെ കരിപ്പൂരില്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നും പ്രളയ കാലത്തും മഹാമാരികാലത്തും ഇപ്പോൾ വിമാനാപകടത്തിലും അത് കാണാൻ കഴിയുന്നുവെന്നും  അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അപകടമുണ്ടായാൽ ജാതിമത ഭേദമെന്യേ മനുഷ്യർ രക്ഷിക്കാനിറങ്ങുമെന്നും ഇതാണ് തന്‍റെ കേരള മാതൃകയെന്നും തരൂർ കുറിപ്പില്‍ കൂട്ടിച്ചേർത്തു .

കരിപ്പൂർ വിമാനാപകടത്തില്‍ മരണ സംഖ്യ കുറയ്ക്കാൻ കാരണമായത് പ്രദേശ വാസികളുടെ നിർണായക ഇടപെടലും രക്ഷാപ്രവർത്തനവുമായിരുന്നു. എന്നാൽ പ്രദേശം കണ്ടെയിന്‍മെന്‍റ് സോൺ ആയതിനാൽ മരത്തടികളും, മറ്റും ഉപയോഗിച്ചു റോഡുകളെല്ലാം പൊലീസ് അടച്ചതിനാൽ രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലെത്തിക്കാൻ 4 കി. മീറ്ററാണ് ജനങ്ങള്‍ക്ക് ജീവനും കൈയ്യിൽ പിടിച്ചു അധികം യാത്ര ചെയ്യേണ്ടി വന്നത്.