ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയില്‍ രാജ്യം പ്രാണവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്തെന്ന് ശശി തരൂർ എം.പി. ആരോഗ്യമന്ത്രിയുടെ പ്രസ്താവന സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 180 ജില്ലകളിലും 14 ദിവസത്തില്‍ 18 ജില്ലകളിലും 21 ദിവസത്തിനുള്ളില്‍ 54 ജില്ലകളിലും 28 ദിവസത്തിനുള്ളില്‍ 32 ജില്ലകളിലും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത്. ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്‍റെ 25-ാം യോഗത്തില്‍ സംസാരിക്കവെയായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമർശം. രാജ്യത്ത് അതിതീവ്ര വ്യാപനം തുടരുമ്പോഴാണ് മന്ത്രി ഇങ്ങനെ വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് ശശി തരൂര്‍ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. രാജ്യമാകെ ശ്വാസം കിട്ടാതെ പിടിയുമ്പോള്‍, ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ രാജ്യത്തെ ആരോഗ്യമന്ത്രി മാത്രം ഭ്രമാത്മകമായ നിലപാട് സ്വീകരിക്കുന്നത് സങ്കടകരമാണെന്ന് തരൂർ പറഞ്ഞു. കോവിന്‍ ആപ്പില്‍ വാക്‌സിന് വേണ്ടി മൂന്നു മണിക്കൂറിനുള്ളില്‍ 80 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും 1.45 കോടി എസ്എംഎസുകള്‍ അയച്ചുവെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എസ്എംഎസ് അയച്ചത് കൊവിഡ് പോരാട്ടത്തിന്‍റെ വിജയമായി കണക്കാക്കാനാകുമോ എന്നും തരൂര്‍ പരിഹസിച്ചു. കോവിഡിനെതിരെ പതഞ്ജലിയുടെ കോറോനില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടെന്ന മാധ്യമറിപ്പോര്‍ട്ടും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
റെക്കോര്‍ഡ് ജിഎസ്ടി വരുമാനവും ഇന്ധനനികുതിയില്‍നിന്ന് കോടികളും കുമിഞ്ഞുകൂടുമ്പോഴും ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപ അനുവദിക്കാതെ വാക്‌സിന്‍ ചെലവ് സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ശശി തരൂര്‍ ചോദിച്ചു. അനുവദിച്ച പണത്തിന് മേല്‍ അടയിരിക്കാതെ വാക്സിന്‍ വാങ്ങൂ എന്നും തരൂർ ട്വീറ്റ് ചെയ്തു. 2022ല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വീടുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ മാധ്യമറിപ്പോര്‍ട്ടും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിക്ക് 2022 ഡിസംബറോടെ പുതിയ വീട് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടും തരൂർ പങ്കുവെച്ചു.