‘ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള’ ; ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ശശി തരൂർ ; കണക്കുകള്‍ നിരത്തി വിമർശനം

Jaihind News Bureau
Wednesday, February 3, 2021

 

തിരുവനന്തപുരം : രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്  ശശി തരൂര്‍ എം.പി. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ‘ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള’യുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് തരൂരിന്‍റെ പ്രതികരണം. 2014ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്തെ നികുതി ഈടാക്കിയാല്‍ നിലവിലെ പെട്രോള്‍ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോള്‍ വില 37 രൂപയായി കുറയുമെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിക്കുന്നു.

 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ വില 52 ശതമാനത്തോളം കുറഞ്ഞു. 2014ല്‍ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. എന്നാൽ 2021 ഫെബ്രുവരിയോടെ ഇത് കുത്തനെ ഉയര്‍ത്തി നികുതി 200 ശതമാനമാക്കിയെന്നും തരൂർ ചൂണ്ടിക്കാണിച്ചു.

2014 ലില്‍ രാജ്യാന്തരവിപണിയില്‍ ബാരലിന് 105 ഡോളറായിരുന്നു വില. അന്ന് പെട്രോളിന് അടിസ്ഥാന വില 48 രൂപ. നികുതി 24 രൂപ. ഇന്ത്യയില്‍ പെട്രോളിന് അന്നത്തെ വില 72 രൂപ. ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യാന്തര വിപണിയില്‍ 50 ഡോളറാണ്എണ്ണവില. പെട്രോളിന് അടിസ്ഥാനവില 29 രൂപയാണിന്ന്. ആകെ നികുതിയായി ചുമത്തുന്നത് 58 രൂപ. പെട്രോളിന്റെ വില 87 രൂപയിലെത്തി. 2014ലില്‍ 50 ശതമാനമായിരുന്ന നികുതി 200 ശതമാനമായി വര്‍ധിച്ചു. 2014 ലെ നികുതിനിരക്കായിരുന്നെങ്കില്‍ ഒരു ലിറ്റര്‍ പെട്രോൾ 44 രൂപയ്ക്ക് ഇന്ത്യയില്‍ ലഭിക്കുമായിരുന്നു എന്ന് തരൂര്‍ വിശദീകരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ ബിജെപി സര്‍ക്കാര്‍ 11 തവണ വര്‍ധിപ്പിച്ചതിന് പിന്നാലെ ബജറ്റില്‍ പുതുതായി അഗ്രി-ഇന്‍ഫ്രാ സെസ് കൂടി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു.