ഓഹരി കുംഭകോണം, നീറ്റ് പരീക്ഷാ ക്രമക്കേട്; മൂന്നാം എന്‍ഡിഎ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഇന്ത്യ സഖ്യം

 

ന്യൂഡൽഹി: മൂന്നാം എന്‍ഡിഎ സർക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. ഓഹരി വിപണി അഴിമതി, നീറ്റ് പരിക്ഷാ ക്രമക്കേട് തുടങ്ങിയവയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ത്യാ മുന്നണി തയാറെടുക്കുന്നത്. പാർലമെന്‍റ് സമ്മേളനത്തിലും വിഷയം ശക്തമായി ഉന്നയിക്കും.

വ്യാജ എക്സിറ്റ് പോളുകളുടെ മറവില്‍ ഓഹരി വിപണിയില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടിലും മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. 24 ലക്ഷം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷ മോദി തകർത്തെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇക്കാര്യത്തിലും ശക്തമായ പ്രതിഷേധത്തിനാണ് ഇന്ത്യ സഖ്യം ഒരുങ്ങുന്നത്.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി എത്തുന്നതോടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കരുത്താർജിക്കും. പുതിയ പ്രതിപക്ഷനിരയ്ക്ക് കൂടുതല്‍ കരുത്തുണ്ട് എന്ന ബോധ്യം മൂന്നാം മോദി സർക്കാരിനുമുണ്ട്. എന്തായാലും പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം.

Comments (0)
Add Comment