ശങ്കർ സിംഗ് വഗേല പറഞ്ഞു; ‘ഗോധ്ര പോലെ പുല്‍വാമയും ബിജെപിയുടെ ഗൂഢാലോചന, തിരഞ്ഞെടുപ്പ് ജയിക്കാന്‍ തീവ്രവാദത്തെ ഉപയോഗിക്കുന്നു; ബലാകോട്ടില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല’

Jaihind Webdesk
Wednesday, April 19, 2023

 

ന്യൂഡല്‍ഹി:  പുല്‍വാമ ഭീകരാക്രമണം കേന്ദ്ര സർക്കാരിന്‍റെ ഗുരുതര വീഴ്ചയാണെന്ന കശ്മീർ മുന്‍ ഗവർണർ സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തല്‍ മോദി സര്‍ക്കാരിനെ അടിമുടി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 40 ധീരജവാന്മാരുടെ ജീവനെടുത്ത സംഭവത്തിന് പിന്നിലെ വീഴ്ച മറച്ചുവെക്കാനായിരുന്നു പ്രധാനമന്ത്രി ശ്രമിച്ചതെന്ന മാലിക്കിന്‍റെ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. ഇതിന് പിന്നാലെ കരസേന മുൻ മേധാവി ശങ്കർ റോയ് ചൗധരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി രംഗത്തെത്തി. പുല്‍വാമ ആക്രമണം കേന്ദ്ര സർക്കാരിന്‍റെ ഗൂഢാലോചന ആയിരുന്നു എന്നും തിരഞ്ഞെടുപ്പ് ജയത്തിന് ബിജെപി തീവ്രവാദത്തെ ഉപയോഗിക്കുന്നു എന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ശങ്കർ സിംഗ് വഗേലയുടെ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

2019 ഫെബ്രുവരി 14 നാണ്‌ രണ്ടായിരത്തോളം സിആർപിഎഫ്‌ ജവാന്മാരുമായി നീങ്ങിയ സൈനികവ്യൂഹം പുൽവാമയിൽ ആക്രമിക്കപ്പെട്ടത്‌. 40 ധീരജവാന്മാർക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെയായിരുന്നു ശങ്കർ സിംഗ് വഗേല ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ തുറന്നടിച്ചത്. 2002ലെ ഗോധ്ര കലാപം പോലെ തന്നെ ബിജെപിയുടെ ഗൂഢാലോചനയായിരുന്നു പുൽവാമ ഭീകരാക്രമണമെന്നായിരുന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന വഗേല 2019 മേയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി സർക്കാർ തീവ്രവാദത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കി എന്ന് മോദി സർക്കാർ അവകാശപ്പെട്ട ബലാകോട്ട് വ്യോമാക്രമണത്തിന്‍റെ സാംഗത്യത്തെയും വഗേല ചോദ്യം ചെയ്തു.

“ബലാകോട്ട് വ്യോമാക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കാൻ ഒരു അന്താരാഷ്ട്ര ഏജൻസിക്ക് പോലും കഴിഞ്ഞില്ല. ബലാകോട്ട് വ്യോമാക്രമണം ആസൂത്രിത ഗൂഢാലോചനയായിരുന്നു. അത് സംഭവിക്കേണ്ടതായിരുന്നു” – വഗേല  പറഞ്ഞു.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് സ്രോതസുകളിൽ നിന്ന് വിവരം ലഭിച്ചിട്ടും മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ശങ്കർ സിംഗ് വഗേല കുറ്റപ്പെടുത്തി. ബലാകോട്ടിനെ കുറിച്ച് അറിവുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഈ ക്യാമ്പുകൾക്കെതിരെ നേരത്തെ നടപടിയെടുക്കാതിരുന്നതെന്നും പുൽവാമ പോലൊരു സംഭവത്തിനായി എന്തിനാണ് കാത്തിരുന്നതെന്നും ശങ്കർ സിംഗ് വഗേല ചോദിച്ചിരുന്നു.