മന്ത്രി ജി സുധാകരനെതിരെ അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പോലീസിൽ പരാതി നൽകി. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലൂടെ അപകീർത്തിപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുത്തിയതോട് പോലീസിലും ആലപ്പുഴ എസ്.പിക്കുമാണ് പരാതി നൽകിയത്.
ഈ മാസം 4ന് തൈക്കാട്ടുശേരിയിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ വെച്ചാണ് മന്ത്രി ജി സുധാകരന്‍ ഷാനിമോൾ ഉസ്മാനെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. വിഷയത്തിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പരാതി നൽകിയിരുന്നു.
സംഭവത്തില്‍ റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലൂടെ ഷാനിമോൾ ഉസ്മാനെ അപകീർത്തിപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാന്‍റെ ചീഫ് ഇലക്ഷന്‍ ഏജന്‍റ് അഡ്വ. ഉമേഷനാണ് കുത്തിയതോട് പോലീസിലും ആലപ്പുഴ എസ്.പിക്കും ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.