അരൂരിലെ സി.പി.എം ഭരിക്കുന്ന ആറ് പഞ്ചായത്തിലും മേല്‍ക്കൈ നേടിയത് ഷാനിമോള്‍

Jaihind Webdesk
Saturday, October 26, 2019

ആരൂര്‍ മണ്ഡലത്തിലെ പത്തില്‍ ഏഴ് പഞ്ചായത്തുകളിലെ ഭരിക്കുന്നത് എല്‍ഡിഎഫാണ്. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗബലമുള്ള അരൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് ലഭിച്ചത്. ബാക്കിയുള്ള മൂന്നിടത്ത് യു.ഡി.എഫ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പത്തില്‍ 6 പഞ്ചായത്തിലും മേധാവിത്വം നേടിയത് യു.ഡി.എഫാണ്. ഏത് തിരിച്ചടിയിലും ഒപ്പം നില്‍ക്കുമെന്ന് കരുതിയ പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫിനെ കൈവിട്ടു. അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, തുറവൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് മേല്‍ക്കൈ നേടിയത്. ഇടതിനൊപ്പം നിന്നതാവട്ടെ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം, കോടംതുരുത്ത് പഞ്ചായത്തുകളും.
അരൂര്‍ പഞ്ചായത്തില്‍ 1595 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2001 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഈ പഞ്ചായത്തില്‍ ഷാനിമോള്‍ക്ക് ലഭിച്ചത്. 2016 ല്‍ 4000 ത്തിലധികം വോട്ടിന്റെ മേല്‍ക്കൈ നേടിയ തുറവൂര്‍ പഞ്ചായത്തില്‍ ഇക്കുറി യുഡിഎഫിന് 674 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 101 വോട്ടിന്റെ ലീഡായിരുന്നു ഇവിടെ യുഡിഎഫിന് ലഭിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎം ആരിഫ് 2000ത്തോളം വോട്ടിന്റെ ലീഡ് നേടിയ കുത്തിയതോട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും യുഡിഎഫിന് ഒപ്പം നിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 568 വോട്ടിന്റെ ലീഡ് നേടിയ പഞ്ചായത്തില്‍ ഉപതിരഞ്ഞടുപ്പില്‍ ഷാനിമോള്‍ നേടിയത് 609 വോട്ടിന്റെ മേല്‍ക്കൈ.
ലോകസഭാ തിരഞ്ഞെടുപ്പിലേത് പോലെ അരൂക്കുറ്റി യുഡിഎഫിന് ഒപ്പം നിന്നു. നേരത്തെ 1,907 വോട്ടിന്റെ മുന്‍തൂക്കം ലഭിച്ച പഞ്ചായത്തില്‍ ഇക്കുറി അത് 1,029 ആയി കുറഞ്ഞു. ഇടതുമുന്നണിക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ പഞ്ചായത്തുകളിലൊന്നാണ് പാണവാള്ളി. ഇടത് കോട്ട എന്നറയിപ്പെടുന്ന പാണാവള്ളിയില്‍ 846 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതിന് നിര്‍ണായക മേല്‍ക്കൈ നല്‍കിയിരുന്നു തൈക്കാട്ടുശ്ശേറിയില്‍ ഇക്കുറി 83 വോട്ടിന്റെ ആധിപത്യം യുഡിഎഫ്. നേടി.