ഷാങ്ഹായി ഉച്ചക്കോടിയ്ക്ക് ഇന്ന് സമാപനം

Jaihind Webdesk
Friday, June 14, 2019

Shanghai Cooperation Organisation (SCO) summit

ഷാങ്ഹായി ഉച്ചക്കോടിയ്ക്ക് ഇന്ന് സമാപനം. പാകിസ്ഥാൻ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവർ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കിർഗിസ്ഥാനിലെ ബിഷ്‌ഹേക്കിൽ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദി നിലപാട് അറിയിച്ചത്.

ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട്രസഭയിൽ ചൈന സ്വീകരിച്ച അനുകൂല നിലപാട്, ബാങ്ക് ഓഫ് ചൈനയുടെ ശാഖ ഇന്ത്യയിൽ ആരംഭിക്കാനുള്ള തീരുമാനം എന്നിവയും ചർച്ചയായി. സാമ്പത്തിക, സാംസ്‌കാരിക ബന്ധത്തിലുണ്ടായ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

വീണ്ടും അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ ഉച്ചകോടിക്കാണ് പ്രധാനമന്ത്രി ബിഷ്‌ഹേക്കിൽ വന്നത്. ഇന്ന് അവസാനിക്കുന്ന ഉച്ചകോടിയിൽ ആഗോള സുരക്ഷ, ബഹുമുഖമായ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനുമായും അഫ്ഗാനിസ്ഥാൻ പ്രസിഡൻറ് അഷ്‌റഫ് ഗാനിയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു . പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ പാക് പ്രധാനമന്ത്രിയുമായുള്ള ചർച്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.