ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് : ഒത്തുതീർപ്പ് ചർച്ച തിങ്കളാഴ്ച കൊച്ചിയിൽ

Jaihind News Bureau
Wednesday, January 22, 2020

ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ചർച്ച തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. താരസംഘടന അമ്മയുടേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെയും ഭാരവാഹികളാണ് യോഗം ചേരുന്നത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം.

വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഏഴുദിവസമെടുത്താണ് ഷെയിൻ പൂർണ്ണമായി പൂർത്തിയാക്കിയത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഡിസംബർ ഒൻപതിന് നടന്ന അമ്മ യോഗത്തിലാണ് ഷെയ്ൻ അറിയിച്ചത്. അതേസമയം കുർബാനിയുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ യോഗത്തെ രേഖാമൂലം അറിയിച്ചിരുന്നു.