പ്രവാസി വോട്ട് ഹർജി ഏപ്രിലിൽ തീർപ്പാക്കാനുള്ള സുപ്രീംകോടതി തീരുമാനം പ്രവാസികൾക്ക് പ്രതീക്ഷാജനകമെന്ന് ഡോ. ഷംഷീർ വയലിൽ

ദുബായ്: പ്രവാസികൾക്ക് ജോലിചെയ്യുന്ന സ്ഥലത്തു നിന്ന് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഏപ്രിലിൽ തീർപ്പാക്കുമെന്ന സുപ്രീംകോടതി പരാമർശം പ്രതീക്ഷാജനകമെന്ന് ഹർജിക്കാരനായ ഡോ. ഷംഷീർ വയലിൽ. ഇതിനകം തന്നെ വലിയ കാലതാമസം നേരിട്ട വിഷയത്തിൽ ഏപ്രിലിൽ കോടതി മുന്നോട്ടുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കുമെന്നു കരുതുന്നു. ലക്ഷക്കണക്കിന് പ്രവാസികളുടെ ദീർഘകാല ആവശ്യമാണ് കോടതിയുടെ പരിഗണനയിൽ. പലകാരണങ്ങൾ കൊണ്ട് ഇത് വൈകുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് ഓരോ വ്യക്തിയുടെയും ന്യായമായ അവകാശമാണ്. നാട്ടിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണമെന്ന നിബന്ധന കാരണം വളരെ കുറച്ചുപേർക്ക് മാത്രമേ ഈ അവകാശം വിനിയോഗിക്കാൻ ആകുന്നുള്ളൂ എന്നത് ഓരോ പ്രവാസിക്കും അനുഭവത്തിലൂടെ അറിയാവുന്നതാണ്. ഈ സ്ഥിതി കോടതി ഇടപെടലിലൂടെ ഇനിയും കാലതാമസം ഇല്ലാതെ മാറുമെന്നാണ് പ്രതീക്ഷയെന്നും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

Comments (0)
Add Comment