ഗോള്‍ഡ് ബിസിനസിലൂടെ യുഎഇയില്‍ ‘ഗോള്‍ഡ് കാര്‍ഡ് ‘ വീസ നേടി ഷംലാല്‍ അഹമ്മദ്; ദുബായിലെ വീസ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി

ദുബായ് : യുഎഇയിലെ പത്തു വര്‍ഷത്തെ ദീര്‍ഘകാല താമസ വീസയായ, ഗോള്‍ഡ് കാര്‍ഡ് വീസ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന് ലഭിച്ചു. ദുബായില്‍ നിന്ന് ഇപ്രകാരം ഗോള്‍ഡ് കാര്‍ഡ് താമസ വീസ ലഭിച്ച, ഏറ്റവും പ്രായം കുറഞ്ഞ മലയാളി നിക്ഷേപകനാണ് കോഴിക്കോട് സ്വദേശിയായ ഷംലാല്‍.

ദുബായ് എമിഗ്രേഷന്‍ (ജിഡിആര്‍എഫ്എ ) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി ഷംലാലിനെ അഭിനന്ദിച്ചു. ദുബായ് എമിഗ്രേഷനിലെ കേണല്‍ അലി അല്‍ ഹമ്മാദി, ഷംലാലിന് ഗോള്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് നല്‍കി. ചടങ്ങില്‍ ഉമര്‍ മാത്താര്‍ ഖമീസ് അല്‍ മസീനയും സംബന്ധിച്ചു. വെറും അഞ്ച് മിനിറ്റ് കൊണ്ടാണ് തന്റെ ഗോള്‍ഡ് കാര്‍ഡ് വീസ നടപടികള്‍ പൂര്‍ത്തിയാക്കി, പാസ്‌പോര്‍ട്ടില്‍ വീസ പതിച്ച് കിട്ടിയതെന്ന് ഷംലാല്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഇതോടൊപ്പം നടന്ന ചടങ്ങില്‍ ഗോള്‍ഡ് വീസ ലഭിച്ച നൂറു പേരെ ആദരിച്ചു.

ദുബായില്‍ കൂടുതല്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസമാണ് ഇതുവഴി ലഭിക്കുന്നതെന്നും ഷംലാല്‍ ചടങ്ങില്‍ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ഷംലാല്‍ എന്ന യുവ വ്യവസായിയുടെ വാക്കുകള്‍, ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ശ്രവിച്ചത്. യുഎഇ സര്‍ക്കാറും ഭരണാധികാരികളും, നിക്ഷേപകരോട് കാണിക്കുന്ന സ്നേഹവും കരുതലുമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഷംലാല്‍ അഹമ്മദ് പറഞ്ഞു.

Comments (2)
Add Comment