ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു; ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്

Jaihind Webdesk
Saturday, June 11, 2022

 

കൊച്ചി: സര്‍ക്കാരിന്‍റെ ഇടനിലക്കാരെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇരുവരും വ്യക്തമാക്കി. അതേ സമയം ഷാജ് കിരണിനെ അടുത്ത ആഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുക. സ്വപ്നാ സുരേഷിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഷാജ് കിരണും ഇബ്രാഹിമും. തങ്ങളുടേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്ന് ആരോപിച്ചാണ് ഷാജ് കിരണും ഇബ്രാഹിമും പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.  സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നാണ് ആവശ്യം. ശബ്ദരേഖയില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ പ്രതിയാക്കാന്‍ സ്വപ്ന ഗൂഢാലോചന നടത്തി. ശബ്ദരേഖയില്‍ കൃത്രിമം വരുത്തി. സ്വപ്ന തങ്ങളെ കെണിയില്‍ പെടുത്തിയെന്നും ആ തെളിവുകളെല്ലാം ഫോണിലുണ്ടാകും എന്നാണ് ഇവരുടെ ആരോപണം.

എന്നാല്‍ ഷാജും ഇബ്രാഹിമും യഥാര്‍ത്ഥത്തില്‍ തമിഴ്നാട്ടില്‍ തന്നെയാണോ ഉള്ളതെന്ന കാര്യത്തിൽ പോലീസിന് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ബിസിനസ് ആവശ്യത്തിനും വീഡിയോ തിരികെ എടുക്കാനുമായാണ് തമിഴ്നാട്ടിലേക്ക് പോയതെന്ന് പറയുന്നുണ്ടെങ്കിലും അത് പൂർണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. എന്നാൽ നഷ്ടമായ വീഡിയോ തിരികെ ലഭിച്ചാൽ ഉടൻ കേരളത്തിലേക്ക് മടങ്ങുമെന്നും എഡിറ്റ് ചെയ്യാത്ത യഥാർത്ഥ വീഡിയോ മാധ്യമങ്ങൾക്ക് കൈമാറുമെന്നാണ് ഷാജ് കിരൺ വ്യക്തമാക്കുന്നത്.