ആര്‍.എസ്.എസ് ശില്‍പശാലയില്‍ മന്ത്രി കെ.കെ. ശൈലജയും; വിവാദം കൊഴുക്കുന്നു

Jaihind Webdesk
Saturday, December 15, 2018

തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ ആരംഭിച്ച ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്.

ഗുജറാത്ത് സര്‍വകലാശാല കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ ആരംഭിച്ച വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് ശില്പശാലയും ആരോഗ്യ എക്‌സ്‌പോയും 17നാണ് സമാപിക്കുക. കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയത്തിന്റെയും ഗുജറാത്ത് ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി പരിപാടി നടത്തുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാന്‍ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരാരും ചടങ്ങിനെത്തിയിരുന്നില്ല. മുമ്പ് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനായി ഗുജറാത്തില്‍ പോയ മന്ത്രി ഷിബു ബേബിജോണ്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനെ ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു.