ആലപ്പുഴയില്‍ ഒന്നര കിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ട ഷൈജു ഖാൻ പിടിയില്‍

 

ആലപ്പുഴ: ഒന്നര കിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയും നിരവധി പോലീസ് കേസുകളില്‍ പ്രതിയുമായ നൂറനാട് ഖാൻ മൻസിൽ ഷൈജു ഖാൻ(41) നെ നൂറനാട് എക്‌സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളായ ചാരുംമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കുമാണ് ഇയാൾ വിതരണം നടത്തി വരുന്നത്. നൂറനാട് എക്സൈസ് ഇൻസ്‌പെക്ടർ പി. ജയപ്രസാദിന്‍റെ നേതൃത്വത്തിൽ പുലർച്ചേ  പുതുപ്പള്ളികുന്നതുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

മാവേലിക്കര താലൂക്കിലെ വിവിധ കോളേജ്, സ്‌കൂൾ കുട്ടികൾക്കു പുറമെ പ്രദേശത്തെ ചെറുപ്പക്കാർക്കും ചെറുകിട കച്ചവടക്കാർക്കും കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഷൈജുവാണെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഷാഡോ ടീമിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. മുമ്പ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്ക് എതിരെ എക്സൈസ് നേരത്തെ കേസെടുക്കുകയും, നൂറനാട് പഞ്ചായത്ത്‌ ഇടപെട്ടു ഇയാളുടെ തട്ടുകട പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment