കെ.സുരേന്ദ്രന് സീറോ ക്രെഡിബിലിറ്റി; ബിജെപിയില്‍ നിന്നും രാജ്യസ്‌നേഹം പഠിക്കേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസിനെതിരായ സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍ നിന്നോ രാജ്യസ്‌നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. വാര്‍ത്തയില്‍ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും ഷാഫി വിമര്‍ശിച്ചു. സുതാര്യമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു.

ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രന്‍. അല്‍പ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രന്‍ നിര്‍ത്തണം. കുഴല്‍പണ കേസിലെ പ്രതി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സംഘടനാതലത്തില്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

 

Comments (0)
Add Comment