‘കഥ-തിരക്കഥ-സംഭാഷണം കേരള പൊലീസ്, സംവിധാനം മോന്‍സണ്‍ മാവുങ്കല്‍’; നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍

Jaihind Webdesk
Friday, October 1, 2021

 

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിലെ ക്രിമിനൽവത്ക്കരണത്തിന്‍റെ ഉദാഹരണമാണ് മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ. വ്യാജപുരാവസ്തു തട്ടിപ്പിന്‍റെ കഥ, തിരക്കഥ , സംഭാഷണം കേരള പോലീസിന്‍റേതും സംവിധാനം ചെയ്തത് മോൻസൻ മാവുങ്കലാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന്‍റെ രക്ഷാധികാരികളായി മാറി. തട്ടിപ്പ് മനസിലായിട്ടും പൊലീസ് ബീറ്റ് സംവിധാനം ഉൾപ്പെടെ ഒരുക്കിയത് തട്ടിപ്പിന് പിന്തുണ നൽകുന്നതിനാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം വിവാദത്തിലായ കോടികളുടെ വ്യാജ പുരാവസ്തു തട്ടിപ്പിൽ കേരളാ പൊലീസ് മോൻസൻ മാവുങ്കലിന്‍റെ അടിമകളായി മാറിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉദ്യോഗസ്ഥർ തട്ടിപ്പുകാരുടെ മുന്നിൽ വാലാട്ടുന്നവരായി മാറിയെന്നും മോൻസണ്‍ തട്ടിപ്പിന് വിശ്വാസ്യത ഉണ്ടാക്കിയത് പൊലീസ് ബന്ധത്തിലൂടെയാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വരെ മോൻസന്‍റെ വീട്ടിലെ സ്ഥിരം സന്ദർശകരായ സാഹചര്യത്തിൽ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പോലീസിലെ ക്രിമിനൽവത്കരണത്തിന്‍റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാഫി ആരോപിച്ചു. പൊലീസ് സ്പോൺസേര്‍ഡ് തട്ടിപ്പ് ആണ് നടന്നത്. തട്ടിപ്പ് നടന്ന കാലയളവിലുണ്ടായ പൊലീസുകാരുടെ വരുമാന വർധന പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.