‘സത്യം തുറന്നുപറഞ്ഞ സ്ഥിതിക്ക് ആക്രമിച്ചവർ തിരുത്താനും ഖേദം പ്രകടിപ്പിക്കാനും തയാറാകുമോ?’: ഷാഫി പറമ്പില്‍

 

കോഴിക്കോട്: തനിക്കെതിരെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നു എന്ന മുൻ പ്രസ്താവനയിൽ നിന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പിന്മാറിയതിന് പിന്നാലെ ചോദ്യങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. വ്യക്തിഹത്യ നേരിട്ടത് താനാണെന്നും ഇടതു സ്ഥാനാർത്ഥി സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എൽഡിഎഫ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും തയാറാകുമോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു.

അശ്ലീല വീഡിയോ എന്നത് എൽഡിഎഫ് സ്ഥാനാർത്ഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സിപിഎമ്മും സ്ഥാനാർത്ഥിയും തുറന്നുപറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. വീഡിയോയുടെ പേരു പറഞ്ഞ് തനിക്കും കൂടെയുള്ളവർക്കും നേരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ശൈലജ ടീച്ചറുടെ ചിത്രം മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ആരെങ്കിലും ഈ വീഡിയോ കണ്ടിരുന്നോ എന്നും ലിങ്ക് നല്‍കുന്നവര്‍ക്ക് പാരിതോഷികവുമെല്ലാം പ്രഖ്യാപിച്ച് സൈബറിടങ്ങളും സജീവമായി. ഇതിനിടെയാണ് വീഡിയോ അല്ലെന്നും പോസ്റ്ററാണെന്നും വിശദമാക്കി കെ.കെ. ശൈലജ തന്നെ രംഗത്തെത്തിയത്. ഇപ്പോൾ സ്ഥാനാർത്ഥി തന്നെ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്. അങ്ങനെയെങ്കിൽ ഇത്രയും ദിവസങ്ങൾ പോസ്റ്റ് ഇട്ടവരും നെടുങ്കൻ പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയ്യാറാവുമോ എന്നും സ്ഥാനാർത്ഥി ഉൾപ്പെടെ ഖേദം പ്രകടിപ്പിക്കാൻ തയാറാകുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

വ്യക്തിഹത്യ മറ്റുള്ളവർക്കെതിരെ ആവാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവർത്തകയ്ക്ക് സ്വീകരിക്കാൻ കഴിയുമോയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. കെ.കെ. രമയ്ക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യ വർഷങ്ങൾ തെളിവുകളോടെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇപ്പോൾ സ്ഥാനാർത്ഥി പറഞ്ഞതുപോലെ പിന്നീട് നിഷേധിക്കേണ്ട കാര്യങ്ങൾ അല്ല ഉന്നയിച്ചിട്ടുള്ളത്. ഇവയ്ക്കെല്ലാം എതിരെ നടപടി സ്വീകരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി കൂടെ നിൽക്കുമോ? ഇവയെ ഒന്നും തള്ളിപ്പറയാൻ സ്ഥാനാർത്ഥിയോ എൽഡിഎഫോ തയാറാകാത്തത് ശരിയായ നിലപാടാണ് എന്ന് പറയാൻ കഴിയുമോ? എല്ലാവരോടും കരുതലും ചേർത്തു നിർത്തലും എന്നൊക്കെയാണ് പുറത്തു പറയുന്നത് എങ്കിൽ ആ കരുതൽ തന്നോട് മാത്രമാണ് എന്ന് പറയാതെ പറയാതെ പറയുകയല്ലേ ഇടതുസ്ഥാനാർത്ഥി എന്നും ഷാഫി പറമ്പിൽ ചോദിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

Comments (0)
Add Comment