‘അത്തരമൊരു പരാതി ലഭിച്ചിട്ടില്ല’; വാർത്തകള്‍ അടിസ്ഥാനരഹിതമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, July 7, 2022

യുവ ചിന്തന്‍ ശിവിർ ക്യാമ്പുമായി ബന്ധപ്പെട്ട് ഇടതുമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല, നിയമം നടപ്പാക്കും. യൂത്ത് കോൺഗ്രസിന് സ്വന്തമായി പോലീസും കോടതിയുമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ടുനടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം യൂത്ത് കോൺഗ്രസിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക പേജിലെ കുറിപ്പ്:

യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല.
അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും.
ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല.
ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത്‍ നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതർക്കത്തെയും, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സംഘടനാപരമായി നടപടിയും എടുത്തു.
ഇന്നും ചില മാധ്യമങ്ങൾ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കൊടുത്തത് കണ്ടു.
അത് തീർത്തും അടിസ്ഥാനരഹിതമാണ്.വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്.
ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും.
പോലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും.
കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല.
സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം,
യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട.
പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി