“കെ.സി വേണുഗോപാലിന് നേരെ നടക്കുന്നത് പരിപൂർണ്ണമായ വ്യക്തിഹത്യ; പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാൻ ഭരണാഘടനാ സ്ഥാപനങ്ങളെ കാൽച്ചുവട്ടിലാക്കിയവരുടെ താൽക്കാലിക വിജയമാണിത്. അത് ശ്വാശതമല്ല..”: ഷാഫി പറമ്പില്‍

സമൂഹ മാധ്യമങ്ങളിൽ കെ.സി വേണുഗോപാലിന് നേരെ നടക്കുന്നത് പരിപൂർണ്ണമായ വ്യക്തിഹത്യയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പാർട്ടിയെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ അതിന്‍റെ ഭാഗമാവരുതെന്നും അദ്ദേഹം പറയുന്നു.

മഹാരാഷ്ട്രയിൽ 145 MLA മാർ ഒപ്പിട്ട കത്ത് ഗവർണ്ണർക്ക് കിട്ടിയിട്ടില്ല എന്ന് ഉറപ്പായിട്ട് പോലും ഫഡ്നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ ലംഘനവുമാണെന്നും മനസ്സിലാക്കിയിട്ടും സമൂഹമാധ്യമങ്ങളില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് നേരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം. ഇത് പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാൻ ഭരണാഘടനാ സ്ഥാപനങ്ങളെ കാൽച്ചുവട്ടിലാക്കിയവരുടെ താൽക്കാലിക വിജയം മാത്രമാണെന്നും അത് ശാശ്വതമല്ലെന്നും അദ്ദേഹം പറയുന്നു. മരണം വേണോ , കേസും ജയിലും വേണോ, അതോ ബിജെപിക്കൊപ്പം നിൽക്കണോ എന്ന ചോദ്യത്തിന് ‘പോടാ പുല്ലെ’ എന്ന് പറയാൻ ചിദംബരത്തിനും ഡി.കെ. ശിവകുമാറിനും കഴിയും പക്ഷെ അജിത് പവാറിന് കഴിഞ്ഞെന്ന് വരില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

പതിവില്ലാത്ത വിധം , നേരം വെളുക്കുന്നതിന് മുൻപ് കേട്ട് കേൾവി ഇല്ലാത്ത തരത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇടപെട്ട രാഷ്ട്രപതി ഭവൻ,

BJP സംസ്ഥാന അദ്ധ്യക്ഷനായിട്ടാണ് നിയമനം കിട്ടിയതെന്ന് കരുതി ആ നിലവാരത്തിൽ ഇടപെടുന്ന ഗവർണ്ണർമാർ,

BJP പോഷക സംഘടനകളായി പ്രവർത്തിക്കുന്ന IT, ED , കേന്ദ്ര അന്വേഷണ ഏജൻസികൾ,

ചുമതല മറന്ന് BJP യുടെ താളത്തിന് തുള്ളുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ,

കൂറ് മാറ്റത്തെ ചാണക്യ തന്ത്രമാക്കി മഹത്വൽക്കരിക്കുന്ന പെയ്ഡ് മീഡിയ ,

എന്തിനധികം കൂറ് മാറിയ 17 MLA മാരെ അയോഗ്യരാക്കിയ ശേഷം കർണ്ണാടകയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി കൊടുക്കുന്ന കോടതികൾ ..

കൊട്ടിഘോഷിക്കപ്പെട്ട് അധികാരമേറ്റ ശേഷം ബ്ലാക്ക് മെയിലിംഗിന് വിധേയമായി നിർണ്ണായക വിധികളിൽ പോലും സമ്മർദങ്ങൾക്ക് അടിമപ്പെട്ട് പോയെന്ന് ജനങ്ങൾക്ക് തോന്നിപ്പോവുന്ന വിധികൾ പുറപ്പെടുവിക്കുന്ന ന്യായാധിപൻമാർ..

മരണം വേണോ , കേസും ജയിലും വേണോ, അതോ BJPക്കൊപ്പം നിൽക്കണോ എന്ന ചോദ്യത്തിന് പോടാ പുല്ലെ എന്ന് പറയാൻ ചിദംബരത്തിനും DK ശിവകുമാറിനും കഴിയും പക്ഷെ അജിത് പവാറിന് കഴിഞ്ഞെന്ന് വരില്ല..

ഇതെല്ലാം അറിഞ്ഞിട്ടും മഹാരാഷ്ട്രയിൽ 145 MLA മാർ ഒപ്പിട്ട കത്ത് ഗവർണ്ണർക്ക് കിട്ടിയിട്ടില്ല എന്ന് ഉറപ്പായിട്ട് പോലും ഫഡ്നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ ലംഘനവുമാണെന്നും മനസ്സിലാക്കിയിട്ടും സമൂഹ മാധ്യമങ്ങളിൽ KC വേണുഗോപാലിന് നേരെ നടക്കുന്നത് പരിപൂർണ്ണമായ വ്യക്തിഹത്യയാണ്. പാർട്ടിയെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ അതിന്‍റെ ഭാഗമാവരുത്.

Ak ആന്‍റണി യും KC വേണുഗോപാലും തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തതിന്‍റെയോ ചെയ്യാത്തതിന്‍റെയോ പേരിലല്ല പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാൻ ഭരണാഘടനാ സ്ഥാപനങ്ങളെ കാൽച്ചുവട്ടിലാക്കിയവരുടെ താൽക്കാലിക വിജയമാണിത്. അത് ശ്വാശതമല്ല..

Shafi Parambil MLAKC Venugopal
Comments (0)
Add Comment