പ്രതിഷേധങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രീതി; സർക്കാർ ചർച്ചയ്ക്ക് തയാറാകണം: ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, March 22, 2022

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. കെ റയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഐക്യദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ജനകീയ പ്രതിഷേധങ്ങളെ തീവ്രവാദങ്ങളുമായി കൂട്ടി കെട്ടുന്നത് ആർ എസ് എസ് രീതിയാണെന്നും പ്രതിഷേധിക്കുന്നവർ എല്ലാം തീവ്രവാദികളല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്ന നടപടി അടിയന്തിരമായി സർക്കാർ അവസാനിപ്പിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. കെ റെയിലിനെതിരെയുള്ള സമരം സംസ്ഥാന വിരുദ്ധമല്ല.  സർക്കാർ തുറന്ന ചർച്ചയ്ക്ക്  തയ്യാറാകണം.
ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകണം.  ജനങ്ങളെ വെല്ലുവിളിക്കുന്നത് എന്തിനാണ്?
പ്രതിഷേധിക്കുന്നവർ എല്ലാം തീവ്രവാദികളല്ലന്നും  ഐഎഫ് എഫ് കെയിലെ പ്രതിഷേധം ക്രിയാത്മകമായ പ്രതിഷേധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.