‘500 രൂപ സംഭാവന ചെയ്തവരൊക്കെ തിരിച്ച് വാങ്ങാൻ മറക്കണ്ട, ഡിവൈഎഫ്ഐക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം’ ; പരിഹസിച്ച് ഷാഫി പറമ്പില്‍

Jaihind News Bureau
Wednesday, October 14, 2020

 

എല്‍ഡിഎഫ് പ്രവേശനത്തില്‍ ജോസ്.കെ.മാണിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. മാണി സാർ പേരിട്ടത് ജോസ് എന്നാണെങ്കിലും പ്രവൃത്തി കൊണ്ട് താന്‍ യൂദാസാണെന്ന് ജോസ് കെ.മാണി സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ‘യൂദാസ്.കെ.മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്‍റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ്.രാജ്യസഭാ എം.പി സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം എം.പി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജിവെക്കട്ടെ’-ഷാഫി പറമ്പില്‍ കുറിച്ചു.

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐയുമൊക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുൻപ് അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കേണ്ട. ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ് .
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ .
100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട .
ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം .