ഷാഫിയെ നെഞ്ചേറ്റി വോട്ടർമാർ; തലശേരിയിലും ആവേശോജ്വല സ്വീകരണം

 

കോഴിക്കോട്/കണ്ണൂർ: തലശേരിയിലും ഷാഫി തരംഗം. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തലശേരി നഗരത്തിൽ തലയെടുപ്പുള്ള സ്വീകരണം. പച്ചക്കറി മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, പുതിയ ബസ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഷാഫി വോട്ടുതേടി ഇറങ്ങിയത്. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെ സന്ദർശിച്ചും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശേരി കോടതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയും ഷാഫി പറമ്പിൽ വോട്ടഭ്യർത്ഥിച്ചു.

ട്രാക് സ്യൂട്ടും ടീ ഷർട്ടുമണിഞ്ഞ് നാരങ്ങാപുറം മാർക്കറ്റിൽ എത്തിയ ഷാഫിയെ അക്ഷരാർത്ഥത്തിൽ വോട്ടർമാർ തലയിലേറ്റി. മാർക്കറ്റിലെ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ബസ് യാത്രക്കാർ, കച്ചവടക്കാർ തുടങ്ങി പരമാവധി പേരെ അദ്ദേഹം നേരിൽ കണ്ടു. നാട്ടുകാരോട് കുശലം പറഞ്ഞു വോട്ട് ചോദിച്ചു നാലു മണിക്കൂറോളം അദ്ദേഹം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചെലവഴിച്ചു. ഹൃദ്യമായവരവേൽപ്പാണ് ഷാഫി പറമ്പിലിന് ലഭിച്ചത്. തൊഴിലാളികൾക്കൊപ്പം സെൽഫിയെടുക്കാനും ഷാഫി പറമ്പിൽ സമയം കണ്ടെത്തി.

തലശേരി കോടതിയിലെത്തിയ ഷാഫി പറമ്പിൽ ജീവനക്കാരെയും, അഭിഭാഷകരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കേരള നിയമസഭാ സ്പീക്കറോടും ഷാഫി പറമ്പിൽ വോട്ടഭ്യർത്ഥിച്ചു. മാർക്കറ്റും ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിയും കോടതിയും സന്ദർശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉള്ള വിവരം ഷാഫി പറമ്പിലിന് ലഭിക്കുന്നത്. ഉടൻ നേരിൽ കാണാനായി അവിടേക്കെത്തുകയായിരുന്നു ഷാഫി. നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയുടെ ചേംബറിൽ ആയിരുന്നു സ്പീക്കർ. ഷാഫി അവിടേക്കെത്തി. കുശലാന്വേഷണങ്ങൾക്ക് ശേഷം മണ്ഡലത്തിലെ തന്‍റെ വോട്ടർ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യർത്ഥിച്ചു മടങ്ങി.

 

 

മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിയും ഷാഫി വോട്ടഭ്യർത്ഥിച്ചു. ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം അദ്ദേഹം ഏറെ നേരം ആശുപത്രിയിൽ ചെലവഴിച്ചു. ആശുപത്രി പ്രസിഡന്‍റ് കെ.പി. സാജുവും ജീവനക്കാരും ഷാഫിയെ സ്വീകരിച്ചു. ഷാഫി പറമ്പിലിന് ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുന്നതോടെ വൻ വിജയമാണ് യുഡിഎഫ് വടകരയിൽ പ്രതീക്ഷിക്കുന്നത്.

Comments (0)
Add Comment