‘ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേട്’; പാലത്തായിയില്‍ ജോസഫൈനെതിരെ ഷാഫി പറമ്പില്‍

Jaihind News Bureau
Thursday, July 16, 2020

 

പാലത്തായി കേസും കുറ്റപത്രം സമര്‍പ്പിച്ചതും അറിയില്ലെന്നും കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ടതില്ലെന്നുമുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ  നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. സർക്കാർ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നീതിയുടെ പക്ഷത്ത് ഇവരൊന്ന് നിൽക്കുന്നത് കാണാൻ മലയാളിക്ക് ഒരിക്കലും അവസരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

‘കൊപ്ര ഉണക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന കമ്മീഷന്‍റെ തലപ്പത്തു പോലും വെക്കാവുന്ന നിലപാട് എടുക്കാത്തവരെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ വിലക്കിയ കോടതിയെ തന്നെ സമീപിക്കാനുള്ള സാധ്യത നിയമ വിദഗ്ദ്ധരുമായി സംസാരിച്ച് മുന്നോട്ട് പോകും. പ്രതി ബിജെപിക്കാരനാകുമ്പോഴെങ്കിലും ജോസഫൈന്‍റെ  പാർട്ടി കോടതിക്കും പാർട്ടി പൊലീസിനും മുകളിലുള്ള നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നതും ഒരു തെറ്റിദ്ധാരണയായിരുന്നു. പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കാൻ യൂത്ത് കോൺഗ്രസ് സമരരംഗത്തുണ്ടാവും’-ഷാഫി പറമ്പില്‍ കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സർക്കാർ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണ്.
നീതിയുടെ പക്ഷത്ത് ഇവരൊന്ന് നിൽക്കുന്നത് കാണാൻ മലയാളിക്ക് ഒരിക്കലും അവസരമുണ്ടാവുമെന്ന് കരുതുന്നില്ല.
ഒരു നാലാം ക്ലാസ്സുകാരി സ്വന്തം അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ട കേസിൽ പോക്‌സോ കേസ് പോലും ചാർജ് ചെയ്യാതെ കുറ്റപത്രം സമർപ്പിച്ചിട്ട് ഇടപെടാൻ ഇവിടെ ബാലാവകാശ കമ്മീഷനില്ല. അതിന്റെ തലപ്പത്ത് പാർട്ടിക്കാരൻ എന്ന ഒരൊറ്റ യോഗ്യത വെച്ച് ആളെ തിരുകി കയറ്റിഅതൊരു സിപിഎം പോഷക സംഘടനയാക്കിയല്ലോ.

അപ്പോഴാണ് ഈ കേസിനെ പറ്റി കേട്ടിട്ടേ ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറയുന്നത് .
കൊപ്ര ഉണക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന കമ്മീഷന്റെ തലപ്പത്തു പോലും വെക്കാവുന്ന നിലപാട് എടുക്കാത്തവരെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ വിലക്കിയ കോടതിയെ തന്നെ സമീപിക്കാനുള്ള സാധ്യത നിയമ വിദഗ്ദ്ധരുമായി സംസാരിച്ച് മുന്നോട്ട് പോകും . പ്രതി ബിജെപിക്കാരനാകുമ്പോഴെങ്കിലും ജോസഫൈന്റെ പാർട്ടി കോടതിക്കും പാർട്ടി പോലീസിനും മുകളിലുള്ള നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നതും ഒരു തെറ്റിദ്ധാരണയായിരുന്നു.പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കാൻ യൂത്ത് കോൺഗ്രസ്സ് സമരരംഗത്തുണ്ടാവും.