പാനൂര്‍ സ്ഫോടനം; ബോംബ് തിരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നു, ആരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പാനൂര്‍ സ്ഫോടനത്തില്‍ സിപിഎമ്മിനെ വിമർശിച്ച് വടകരയിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.  യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. സംഭവം ആരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഒരിക്കലും ന്യായീകരിക്കാനാവാത്ത സംഭവമാണ് പാനൂരില്‍ നടന്നെതെന്നും ഒരു തിരഞ്ഞെടുപ്പിന് മുൻപ് എന്തിനാണ് ബോംബ് തിരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പുരോഗമനം പ്രസംഗിക്കുമ്പോഴും സിപിഎം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായത്. ബോംബ് നിർമാണത്തിന് ലോക്സഭ തിരഞ്ഞെടുപ്പുമായി  ബന്ധമുണ്ടെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ബോംബിനെ തിരഞ്ഞെടുപ്പ് ഉപകരണമാക്കി മാറ്റുകയാണ് സി പി എം. സ്ഥലങ്ങൾ റെയ്ഡ് ചെയ്തില്ല.പൊലീസ് നടപടി എടുക്കുന്നില്ല. പരിശോധന നടക്കുന്നില്ല. ക്രൈം എക്സ്പേർട്ടുകളെ സി പി എം കൂടെ നിർത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.  സിപിഎം പ്രവർത്തകർ പാർട്ടി നേതൃത്വത്തോട് ക്രിമിനലുകളുമായുള്ള ബന്ധത്തെ പറ്റി ചോദിക്കണം. നേരിട്ട് ചോദിക്കാൻ പറ്റില്ലെങ്കിൽ വോട്ട് ചെയ്ത് കാണിക്കണം. പാർട്ടിക്ക് ബന്ധമില്ലെന്ന സിപിഎം പല്ലവി ജനങ്ങൾ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.  വടകരയിൽ സിപിഎമ്മിന് പരാജയ ഭീതിയാണ്. അതിനാലാണ് ബോംബ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment