എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസും ദേവസ്വം കമ്മീഷണറും മാത്രം അറിഞ്ഞ്; ശബരിമലയിലെ ദേവസ്വം ബോര്‍ഡ് മലക്കം മറിച്ചില്‍ ബോര്‍ഡ് പ്രസിഡന്റ് അറിയാതെ

Jaihind Webdesk
Thursday, February 7, 2019

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ ഇടപെടലുകളായിരുന്നു കഴിഞ്ഞദിവസത്തെ ബോര്‍ഡ് നിലപാട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ദേവസ്വം കമ്മിഷണറും ചേര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനുമായി ഇന്നലെ സംസാരിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഒഴിവാക്കിയായിരുന്നു ഇത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ.രാജഗോപാലന്‍ നായര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നാണ് വിവരം.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സാവകാശഹര്‍ജിയാണ് ദേവസ്വം ബോര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരുവാക്ക് പോലും ഉന്നയിക്കാതെ നിലപാട് മുഴുവനായും മാറ്റുകയായിരുന്നു സുപ്രീം കോടതിയില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ്. എന്നാല്‍ ഇതുസംബന്ധിച്ച് എന്താണ് നടന്നതെന്ന് അറിയില്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. ഡല്‍ഹിയിലുള്ള ദേവസ്വം കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലപാട് മാറ്റത്തെ തുടര്‍ന്ന് ദേവസ്വംബോര്‍ഡിനും പ്രസിഡന്റിനും നേരെ വന്‍ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തില്‍ നി്‌നും നേരിടേണ്ടി വരുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിലെ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള പ്രസിഡന്റിന്റെയും അംഗങ്ങളുടെയും തീരുമാനം ഭക്തജനങ്ങളുടെ എതിര്‍പ്പ് ഭയന്നായിരുന്നു.
അതേസമയം, പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുമെന്നുള്ള അഭ്യൂഹവും ശക്തമാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായരെ പകരം സ്ഥാനത്തെത്തിക്കാനാണ് ശ്രമം. ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നും അറിയുന്നു.