എസ്എഫ്ഐയുടെ ഇടിമുറി മർദനം; യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച്‌ കെഎസ്‌യു

 

തിരുവനന്തപുരം: ഭിന്നശേഷിക്കാരനെ മർദ്ദിച്ച എസ്എഫ്ഐ ഗുണ്ടായിസത്തിലും അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് കെഎസ്‌യു മാർച്ച്. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ പ്രതിഷേധമുയർത്തിയ കെഎസ്‌യു പ്രവർത്തകരും പോലീസും തമ്മിൽ പല കുറി ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സമൂഹത്തിൽ വെറുക്കപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനമായി എസ്എഫ്ഐ മാറിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽ നടൻ എംഎൽഎ കുറ്റപ്പെടുത്തി.

യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ ഗുണ്ട സംഘത്തെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിലും ഇവർക്കെതിരെ നടപടി എടുക്കാത്ത കോളേജ് അധികൃതരുടെ ഒളിച്ചുകളിയിലും പ്രതിഷേധിച്ചാണ് കെഎസ്‌യു പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച് നടത്തിയത്. ശക്തമായ പ്രതിഷേധമുയർത്തിയ പ്രവർത്തകർക്ക് നേരെ അഞ്ചു തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് ബല പ്രയോഗം നടത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം പ്രവർത്തകർ പ്രകടനമായി പാളയത്തേക്ക് മടങ്ങി.

അതേസമയം വൈദ്യുത ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെയും കൊല്ലത്ത് കെഎസ്ഇബി ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ്‌ പ്രവർത്തകര്‍ മാർച്ച് നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളും ഉണ്ടായി. പോലീസ് കയ്യേറ്റത്തിൽ 2 പ്രവർത്തകർക്ക് പരിക്കേറ്റു. കൊല്ലത്തെ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കാര്യാലയത്തിലാണ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തിയത്.

Comments (0)
Add Comment