എസ്എഫ്ഐക്കാർ വാഴ വെക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍: കെ.കെ രമ

Jaihind Webdesk
Monday, July 4, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഴവെയ്‌ക്കേണ്ടതെന്ന് കെ.കെ രമ എംഎൽഎ. എകെജി സെന്‍റർ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമില്ല. കള്ളൻ കപ്പലിൽ തന്നെയുണ്ട്, കപ്പിത്താൻ ആരാണെന്ന് മാത്രമാണ് ഇനി കണ്ടെത്തേണ്ടതുള്ളൂവെന്നും കെ.കെ രമ പറഞ്ഞു. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

എകെജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണ്. അതുകൊണ്ട് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം. സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ ഉദാഹരണമായുണ്ടെന്നും രമ പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുകയാണ് ചെയ്യുന്നത്.എകെജി സെന്‍റർ ആക്രമിക്കപ്പെട്ടത് അപലപനീയം ആണെന്നും രമ കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ.രമ.