കാര്യവട്ടത്തെ എസ്എഫ്ഐ അക്രമം; പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎല്‍എമാർക്കെതിരെ കേസ്

 

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ ഗുണ്ടകളെ പിടികൂടണമെന്നാവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എംഎൽഎമാർക്കെതിരെ കേസ്. എംഎല്‍എമാരായ ചാണ്ടി ഉമ്മൻ, എം. വിൻസെന്‍റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 20 കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ എസ്എഫ്ഐക്കാർ ഇടിമുറിയില്‍ കൊണ്ടുപോയി മർദ്ദിച്ചതിന് പിന്നാലെ  സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അർധരാത്രി എംഎൽഎമാരുടെ നേതൃത്വത്തിൽ ശ്രീകാര്യം പോലീസ് സ്റ്റേഷൻ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചിരുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം. വിൻസെന്‍റ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

വിഷയം അറിഞ്ഞെത്തിയ എം. വിന്‍സെന്‍റ് എംഎല്‍എയ്ക്കുനേരെയും എസ്എഫ്ഐയുടെ കയ്യേറ്റമുണ്ടായി.  ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നും പരാതിയുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് സർവകശാല രജിസ്ട്രാർക്ക് കേരള സർവകലാശാല വൈസ് ചാൻസിലർ നിർദേശം നൽകി.

Comments (0)
Add Comment