എസ്എഫ്ഐ യൂണിയൻ ചെയർമാന് എസ്എഫ്ഐയുടെ അപ്രഖ്യാപിത വിലക്ക്; ക്യാമ്പസില്‍ എത്തിയിട്ട് മൂന്നുമാസം; അന്വേഷണം വേണമെന്ന് വിദ്യാർത്ഥി സംഘടനകള്‍

 

കോട്ടയം: എസ്എഫ്ഐ യൂണിയൻ ചെയർമാന് എംജി സർവകലാശാല ക്യാമ്പസിൽ വിലക്ക്. കഴിഞ്ഞ മൂന്നുമാസമായി ചെയർമാൻ ക്യാമ്പസിൽ എത്തിയിട്ടില്ല. ഇതിനിടെ ഒരു വിദ്യാർത്ഥിനിയുടെ പരാതിക്ക് പിന്നാലെ ചെയർമാന് മർദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്ഐ നേതൃത്വത്തിന്‍റെ അറിവോടെയാണെന്നാണ് ആരോപണം. ഈ സംഭവത്തിന് പിന്നാലെയാണ് ചെയർമാന് ക്യാമ്പസിൽ അപ്രഖ്യാപിത വിലക്ക് വന്നത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.

മലപ്പുറം സ്വദേശിയും എംജി സർവകലാശാല ക്യാമ്പസിലെ ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂണിയൻ എസ്എഫ്ഐ ചെയർമാനും ഒന്നാം വർഷ ജെൻഡർ സ്റ്റഡീസ് വിദ്യാർത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്. കോട്ടയത്തു വെച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐ ചെയർമാൻ പങ്കെടുക്കാത്തത് ചർച്ച ആയിരുന്നു. നാളുകൾക്കു മുമ്പ് ഒരു വിദ്യാർത്ഥിനിയുടെ പരാതിയിൽ ചെയർമാന് ഒരു സംഘം വിദ്യാർത്ഥികളുടെ മർദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്ഐ നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചെയർമാന് ക്യാമ്പസിൽ അപ്രഖ്യാപിത വിലക്ക് വന്നത്. ഫെബ്രുവരിയിൽ നടന്ന കലോത്സവത്തിൽ ചെയർമാന്‍റെ അസാന്നിധ്യത്തെക്കുറിച്ച് പ്രതികരിക്കാൻ എസ്എഫ്ഐ തയാറായില്ല.

എംജി സർവകലാശാല ക്യാമ്പസിലും ഹോസ്റ്റലിലും നിലവിൽ എസ്എഫ്ഐക്കാണ് മേൽക്കൈ. എന്നിട്ടും ഇവിടെയെല്ലാം ചെയർമാനെ വിലക്കിയിരിക്കുകയാണ്. കൂടാതെ ഡിപ്പാർട്ട്മെന്‍റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഇയാളെ പുറത്താക്കി. അതേസമയം തനിക്ക് മർദ്ദനമേറ്റത് ക്യാമ്പസിന് പുറത്തുവെച്ച് ആയിരുന്നുവെന്നും അതിൽ എസ്എഫ്ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ആണ് ചെയർമാന്‍റെ വിശദീകരണം. താൻ ഉടൻതന്നെ ക്യാമ്പസിൽ തിരികെ എത്തുമെന്ന് ചെയർമാന്‍ പറയുന്നു. എന്നാൽ എസ്എഫ്ഐ നേതൃത്വത്തിന്‍റെ ഭീഷണി ഭയന്നാണ് ചെയർമാൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. സംഭവത്തിൽ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകർ രംഗത്തെത്തി. വിഷയത്തിൽ നിയമ നടപടികൾ സ്വീകരിക്കാനും മറ്റു വിവിധ വിദ്യാർത്ഥി സംഘടനകൾ ആലോചിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും ക്യാമ്പസിനുള്ളിലെ എസ്എഫ്ഐ ചെയർമാന്‍റെ അസാധ്യത്തെ കുറിച്ച് പ്രതികരിക്കാൻ എസ്എഫ്ഐ നേതൃത്വം തയാറായിട്ടില്ല.

Comments (0)
Add Comment