യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടായിസം തുടരുന്നു; പോലീസുകാരെ ഇറക്കിവിടാന്‍ ശ്രമം

Jaihind Webdesk
Friday, July 26, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച പോലീസുകാരെ ഇറക്കിവിടാന്‍ എസ്.എഫ്.ഐക്കാരുടെ ശ്രമം. പോലീസുകാര്‍ ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും പോലീസുകാര്‍ക്കുനേരെ ഭീഷണിയുയര്‍ത്തുകയുമായിരുന്നു. പോലീസുകാര്‍ക്കെതിരെ വ്യാജ പരാതി നല്‍കാനും ശ്രമം നടന്നതായി. ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയെയും കണക്കിലെടുത്ത് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്കെതിരെയാണ് ഇപ്പോള്‍ എസ്.എഫ്.ഐ തിരിഞ്ഞിരിക്കുന്നത്. നിലവില്‍ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടുവെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോഴും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ജില്ലാക്കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ക്യാമ്പസ് എന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം ക്ലാസുകള്‍ പുനരരാരംഭിച്ചിരുന്നവെങ്കിലും രണ്ടുദിവസമായിട്ട് നടന്ന വിവിധ എസ്.എഫ്.ഐ പാര്‍ട്ടി പരിപാടികളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.