കലാലയങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ എതിർപ്പിനെ മറികടക്കാൻ എസ്എഫ്ഐ രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു: അലോഷ്യസ് സേവ്യർ

 

തിരുവനന്തപുരം: കലാലയങ്ങളിൽ തങ്ങൾക്കെതിരായി നിലനിൽക്കുന്ന വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ എസ്എഫ്ഐ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ . തുടർച്ചയായ പരാജയങ്ങളിൽ വിറളിപൂണ്ട എസ്എഫ്ഐ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള യൂണിവേഴ്സിറ്റിയിൽ കണ്ടത്.

സെനറ്റിൽ ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ തന്നെ കെഎസ്‌യുവിന്‍റെ രണ്ട് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ എസ്എഫ്ഐ സംപൂജ്യരായി തുടരുകയായിരുന്നു. വോട്ടെണ്ണൽ തുടർന്നാൽ കെഎസ്‌യുവിന്‍റെ അഞ്ചോളം സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഘട്ടത്തിലാണ് എസ്എഫ്ഐ അക്രമസംഭവങ്ങൾ സൃഷ്ടിച്ച് ബാലറ്റ് പേപ്പറുകൾ നശിപ്പിച്ച് കളഞ്ഞത്.

ജനാധിപത്യ രീതിയെ ഭയക്കുന്ന എസ്എഫ്ഐ നടപടി വിദ്യാർത്ഥി സമൂഹത്തിന് തന്നെ അപമാനകരണമാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. എസ്എഫ്ഐ സ്പോൺസേഡ് ക്രമക്കേടുകൾക്കും കൊള്ളരുതായ്മക്കും യൂണിവേഴ്സിറ്റി അധികാരികൾ വലിയ രീതിയിലുള്ള മൗനാനുവാദം നൽകിയെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Comments (0)
Add Comment