തിരുവനന്തപുരം: കഴിഞ്ഞ രാത്രി തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവർണർക്കെതിരെ മൂന്നിടത്ത് എസ്എഫ്‌ഐ
കരിങ്കൊടി പ്രതിഷേധമുയർത്തി. ജനറൽ ആശുപത്രിക്ക് മുന്നിലും എകെജി സെന്‍ററിനു സമീപവും കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിലുമാണ് എസ്എഫ്‌ഐ പ്രവർത്തകർ ഗവർണക്കെതിരെ പ്രതിഷേധമുയർത്തിയത്.
മാനവീയം വീഥിക്ക് സമീപം എസ്എഫ്‌ഐ പ്രവർത്തകർ വലിയ പ്രതിഷേധത്തിന് തയാറെടുത്തിരുന്നെങ്കിലും ഗവർണറുടെ വാഹന വ്യൂഹം കോർപ്പറേഷനുമുന്നിൽ നിന്നും വഴിതിരിച്ച് വിട്ട് പോലീസ് ഗവർണറെ രാജ്ഭവനിൽ എത്തിക്കുകയായിരുന്നു. ഇന്നും നാളെയും ഗവർണർക്ക് ഔദ്യോഗിക പരിപാടികൾ ഇല്ലാത്തതിനാൽ പ്രതിഷേധങ്ങൾ ഉയരുവാൻ സാധ്യതയില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഗവർണർ സർക്കാരിനെതിരെ ശക്തമായ വിമർശനം വീണ്ടും ഉയർത്തിയിരുന്നു.