എസ്.എഫ്.ഐ കാമ്പസുകളെ കലാപഭൂമിയാക്കി : മുല്ലപ്പള്ളി

Jaihind Webdesk
Friday, July 12, 2019

 

Mullappally-Ramachandran-23

സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കാമ്പസുകളെ കലാപഭൂമിയാക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ഞെട്ടിക്കുന്നതാണ്. അധോലോക ഗുണ്ടകളെയും സാമൂഹ്യവിരുദ്ധന്‍മാരെയും വളര്‍ത്തിയെടുക്കുന്ന പരിശീലന കളരിയായി സി.പി.എം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലാശാലകളെ മാറ്റി. ഇവരില്‍ നിന്നാണ് ഏറിയപങ്കും മയക്കുമരുന്നു ലോബിയുടെ പങ്കാളികളായും വാടക കൊലയാളികളായും ഉയര്‍ന്നു വരുന്നത്.

ഇത് വളരെ ആപല്‍ക്കരമാണെന്ന വസ്തുത കേരളീയ പൊതുസമൂഹം തിരിച്ചറിയണം. കലാശാലകലില്‍ മിക്കവയും മയക്കുമരുന്നിന്റെ പിടിയിലാണ്. മാരക ആയുധങ്ങള്‍ സൂക്ഷിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളായി സാമൂഹ്യവിരുദ്ധര്‍ കലാശാലകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് സി.പി.എം നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഇതിനും മുമ്പും പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നാണ് പറയപ്പെടുന്നത്. അന്ന് ഇയാള്‍ക്ക് സംരക്ഷണം നല്‍കിയത് സി.പി.എമ്മും. ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന ധൈര്യമാണ് ഇത്തരം പ്രവര്‍ത്തികളിലേക്ക് എസ്.എഫ്.ഐക്കാരെ കൊണ്ടെത്തിക്കുന്നത്. വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച മുഴുവന്‍ പ്രതികളെയും എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.