ക്യാമ്പസുകളില്‍ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുന്നു: കെ.എം.അഭിജിത്ത്

Jaihind Webdesk
Thursday, January 24, 2019

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  മഹാരാജാസ് കോളജില്‍ കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ആക്രമണത്തിന് ഇരയായ അര്‍ജ്ജുന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. എസ്.എഫ.ഐയുടെയും ക്യാമ്പസുകളിലെ വര്‍ഗീയ സംഘടനകളുടെയും അക്രമരാഷ്ട്രീയത്തിനെതിരെ കെ.എസ്.യു ശക്തമായ പോരാട്ടം നടത്തുമെന്നും അഭിജിത്ത് പറഞ്ഞു.

അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് സി.പി.എം പറഞ്ഞിട്ട് ഇതുവരെയും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടെയുള്ള എഫ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും നേതൃത്വത്തിന് മിണ്ടാട്ടമില്ല. അഭിമന്യു കൊല്ലപ്പെട്ട ദിവസത്തെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണം. അഭിമന്യുവിന്റെ രക്തസാക്ഷിത്വം സി.പി.എം കച്ചവടവല്‍ക്കരിക്കുന്നു. അഭിമന്യുവിന്റെയും ഷുഹൈബിന്റെയും പ്രതികളെ കണ്ടുപിടിക്കുന്നതിനായി കെ.എസ്.യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഭിജിത്ത് പറഞ്ഞു. കഴിഞ്ഞ തവണ സര്‍ക്കാരിനെ വിശ്വസിച്ച് എം.ബി.ബി.എസിന് അഡ്മിഷനെടുത്ത അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ സ്‌കോളര്‍ഷിപ്പിനായി കൈക്കൊണ്ട മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അഭിജിത്ത് പറഞ്ഞു.

സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ എടുക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ സമീപനം അടിയന്തിരമായി പരിഹരിക്കണമെന്നും യൂണിവേഴ്‌സിറ്റികളിലെ പരീക്ഷ നടത്തിപ്പിലെ അപാകതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം കെ.എസ്.യു തുടങ്ങും. യൂണിവേഴ്‌സിറ്റികളിലെ സിന്‍ഡിക്കേറ്റുകളിലടക്കം വലിയ അഴിമതിയാണ് നടക്കുന്നത്. ഇത് നിയന്ത്രിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ പരാജയമാണെന്നും അഭിജിത്ത് പറഞ്ഞു. വയനാട്, മലപ്പുറം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയും പ്രഖ്യാപിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി രാഹുല്‍ഗാന്ധി ആവിഷ്‌ക്കരിച്ച ‘മികച്ച ഇന്ത്യ’ പദ്ധതിയുടെ പ്രചരണം സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘടിപ്പിക്കുമെന്ന് എന്‍.എസ്.യു നാഷണല്‍ സെക്രട്ടറി നാഗേഷ് കരിയപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.