എസ്.എഫ്.ഐക്കാര്‍ പരീക്ഷ അട്ടിമറിച്ചുവെന്ന് പി.എസ്.സി സമ്മതിച്ചു; നിസാം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവരെ അയോഗ്യരാക്കി

Jaihind News Bureau
Monday, August 5, 2019

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത്, സെക്രട്ടറി നിസാം, ക്മ്മിറ്റിയംഗം പ്രണവ് എന്നിവര്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞതായി പി.എസ്.സി. ഇവരെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനും ഇനിയുള്ള പി.എസ്.സി പരീക്ഷകളില്‍ നിന്ന് അയോഗ്യരാക്കാനും തീരുമാനിച്ചതായി പി.എസ്.സി അറിയിച്ചു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതിനും പി.എസ്.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കെഎപി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയുമായ എ എന്‍ നസീം പട്ടികയിലെ 28ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്. കൂടാതെ എസ്എഫ്ഐ യൂനിറ്റ് കമ്മിറ്റി അംഗമായ പി പി പ്രണവും പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പി.എസ്.സി. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ കടുപ്പമായതുകൊണ്ട് തന്നെ കട്ട് ഓഫ് മാര്‍ക്ക് 29.67 ആയിരുന്നു. ഈ പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ശിവരഞ്ജിത്ത് നേടിയത്. രണ്ടാം പ്രതി നസീമിന് 65.33 മാര്‍ക്കോടെ 28-ാം റങ്കാണ് കിട്ടിയത്. പി.എസ്.സി ഇതിലാണ് അന്വേഷണം തട്ടിപ്പ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആര്‍.ശിവരഞ്ജിത്ത്, കേരള സര്‍വകലാശാലയുടെ എം.എ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍.നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററില്‍ രണ്ടു ശ്രമം നടത്തിയിട്ടും തോല്‍വിയായിരുന്നു. പിഎസ്‌സി റാങ്ക് പട്ടികയെക്കുറിച്ചു സംശയം ജനിപ്പിക്കുന്നതായിരുന്നു ഇവരുടെ പരീക്ഷാ ഫലങ്ങള്‍.
കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു പൂജ്യം മാര്‍ക്ക്. ഇന്റേണല്‍ കൂടി ചേര്‍ത്തപ്പോള്‍ നൂറില്‍ ആറു മാര്‍ക്കായി. ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി 4, വെസ്റ്റേണ്‍ ഫിലോസഫി:ഏന്‍ഷ്യന്റ് മിഡീവിയല്‍ ആന്‍ഡ് മോഡേണ്‍ 6.5, മോറല്‍ ഫിലോസഫി 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാര്‍ക്ക്. ജനുവരിയില്‍ ഒന്നാം സെമസ്റ്റര്‍ വീണ്ടും എഴുതിയപ്പോള്‍ ഈ വിഷയങ്ങള്‍ക്ക് മാര്‍ക്ക് യഥാക്രമം 12, 3.5, 46.5 എന്നിങ്ങനെയായി.
ലോജിക്കിന് 13 മാര്‍ക്കും കിട്ടി. ഒരു പേപ്പര്‍ ജയിക്കാന്‍ ഇന്റേണല്‍ ഉള്‍പ്പെടെ 100 ല്‍ 50 വേണം. ഒക്ടോബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ്: ഇന്ത്യന്‍ ആന്‍ഡ് വെസ്റ്റേണ്‍ പേപ്പറിന് 15 മാര്‍ക്ക് ഇന്റേണല്‍ ലഭിച്ചതിനാല്‍ 52 മാര്‍ക്ക് നേടി. അതേസമയം കാന്റ് ആന്‍ഡ് ഹെഗല്‍ പേപ്പറിന് ഇന്റേണലിനു 15 മാര്‍ക്ക് ലഭിച്ചിട്ടും 35.5 മാര്‍ക്കേ നേടാനായുള്ളൂ. അധ്യാപകരാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്.
പിഎസ് സി റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനും കുത്തുകേസ് രണ്ടാം പ്രതിയുമായ നസീം വീണ്ടും അഡ്മിഷന്‍ നേടി എം.എ.ഫിലോസഫിക്കു പഠിക്കുകയാണ്.2017 ഫെബ്രുവരിയില്‍ ഇയാള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയപ്പോള്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി 41, വെസ്റ്റേണ്‍ ഫിലോസഫി ഏന്‍ഷ്യന്റ് ആന്‍ഡ് മിഡീവിയല്‍ 45, ലോജിക് 53, മോറല്‍ ഫിലോസഫി 18 എന്നിങ്ങനെയായിരുന്നു മാര്‍ക്ക്.
ലോജിക്കിന് ഇന്റേണല്‍ മാര്‍ക്ക് 10 ആയിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ ജനുവരിയില്‍ വീണ്ടും എഴുതിയപ്പോള്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി 9, വെസ്റ്റേണ്‍ ഫിലോസഫി ഏന്‍ഷ്യന്റ് ആന്‍ഡ് മിഡീവിയല്‍ 59.5, മോറല്‍ ഫിലോസഫി 41 എന്നിങ്ങനെയായിരുന്നു മാര്‍ക്ക്. വെസ്റ്റേണ്‍ ഫിലോസഫി ഏന്‍ഷ്യന്റ് ആന്‍ഡ് മിഡീവിയല്‍ 15 മാര്‍ക്ക് ഇന്റേണല്‍ ലഭിച്ചു.
രണ്ടാം സെമസ്റ്ററില്‍ നസീമിന് ഫിലോസഫി ഓഫ് വേദാന്ത, മോഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി എന്നിവയ്ക്ക് എഴുത്തു പരീക്ഷയില്‍ പൂജ്യം മാര്‍ക്കായതിനാല്‍ ഇന്റേണലിന്റെ 10 മാര്‍ക്ക് വീതമേയുള്ളൂ. മൂന്നാം സെമസ്റ്ററില്‍ മോഡേണ്‍ ഇന്ത്യന്‍ തോട്ട്, ഫിലോസഫി ഓഫ് സയന്‍സ് എന്നിവയ്ക്ക് എഴുത്തു പരീക്ഷയില്‍ ലഭിച്ചതു പൂജ്യം മാര്‍ക്ക്. ആറും എട്ടും മാര്‍ക്കു വീതം രണ്ടു പേപ്പറിനും ഇന്റേണലിനു ലഭിച്ചു. അതേസമയം ഫെനോമിനോളജി ആന്‍ഡ് എക്‌സിസ്റ്റെന്‍ഷ്യലിസം എന്ന പേപ്പറിന് ഇന്റേണലിന്റെ 13 മാര്‍ക്ക് കൂടി ചേര്‍ത്ത് 54.5 നേടി. അനലിറ്റിക്കല്‍ ഫിലോസഫിക്ക് 47 മാര്‍ക്കാണു ലഭിച്ചത്.