എസ്.എഫ്.ഐ ഗുണ്ടകള്‍ കൂട്ടത്തോടെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍: പരീക്ഷ സെന്ററില്‍ തിരിമറി നടന്നതായി സംശയം; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Sunday, July 14, 2019

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥഇയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും, നസീമും പി.എസ്.സി റാങ്ക്ലിസ്റ്റില്‍ മുന്നിലെത്തിയതില്‍ ദുരൂഹത. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി (കാസര്‍കോട്) നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റിലാണ് പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്ളത്. സാധാരണ കാസര്‍കോട് ജില്ലയിലേക്ക് പരീക്ഷയെഴുതുന്നവര്‍ക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്നത് മലബാര്‍ മേഖലയില്‍ തന്നെയായിരിക്കും. എന്നാല്‍ ഉന്നതതല സ്വാധീനം ചെലുത്തി പരീക്ഷ തിരുവനന്തപുരത്തേക്ക് മാറ്റിയെന്ന ആരോപണമാണ് ശക്തമാകുന്നത്. ഇതിന് തെളിവായി ഇവരുടെ ഹാള്‍ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാഡ് ടീച്ചര്‍ എജുക്കേഷന്‍ സ്‌കൂളിലാണ് നസീം പരീക്ഷ എഴുതിയിരിക്കുന്നത്. മറ്റൊരു യൂണിറ്റ് കമ്മിറ്റി അംഗം പി.പി. പ്രണവ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാവ് നസീം മുമ്പ് പോലീസുകാരെ തല്ലിയ കേസിലും പ്രതിയായിരുന്നു. ഈ കേസ് നിലനില്‍ക്കെയാണ് ഇയാള്‍ റാങ്ക്ലിസ്റ്റിലെത്തിയത്. പാളയത്ത് സിഗ്‌നല്‍ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പോലീസുകാരെ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയത്.

ശിവരഞ്ജിത്തിന് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കാണ് ഉള്ളത്. സ്പോര്‍ട്സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ഇയാള്‍ക്ക് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് ഇരുവരും കേസില്‍ പ്രതികളാകുന്നത്.

ഇവര്‍ റാങ്ക്ലിസ്റ്റില്‍ എത്തിയതെങ്ങനെ എന്നതില്‍ ക്രമക്കേടുകളുണ്ടൊയെന്ന വിവരങ്ങളാണ് സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കുന്നത്. നസീമും ശിവരഞ്ജിത്തും പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ വന്നതില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കുന്നത്.
രാഷ്ട്രീയ സ്വാധീനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷയെഴുതാന്‍ അവസരം കിട്ടിയതെന്നും കോപ്പിയടിച്ചാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയതെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഇവരുടെ ഹാള്‍ ടിക്കറ്റ് അടക്കം പരിശോധിക്കാന്‍ തീരുമാനിച്ചത്. നിയമനത്തിന് മുമ്പ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം ആഭ്യന്തര വകുപ്പിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.