കോഴിക്കോട്: തട്ടിപ്പ് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ്. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിന് പുഴുക്കുത്ത് വീഴ്ത്തി നശിപ്പിക്കാൻ പ്രയത്നിക്കുന്ന പുഴുക്കളായി എസ്എഫ്ഐ നേതാക്കൾ മാറിയെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ്.
വ്യാജരേഖ തയാറാക്കിയ എസ്എഫ്ഐ നേതാവ് കെ വിദ്യ സംസ്ഥാനത്തെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെയും സിപിഎം നേതാക്കളുടെയും പിന്തുണയോടെ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മ ബന്ധമുള്ള കെ വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്‍ററിൽ എം ഫില്‍ ചെയ്തിട്ടുണ്ടായിരുന്നു. അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്‍റ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയും ചെയ്തു. സംസ്കൃത സർവകലാശാലയുടെ എം ഫില്‍ പ്രോഗ്രാമിന്‍റെ റെഗുലേഷൻസിൽ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർത്ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും പ്രവർത്തിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പ് കോളേജിൽ നിന്ന് ശമ്പളം ഒരേ സമയം കൈപ്പറ്റി. ചെപ്പടിവിദ്യയും വഞ്ചനയും കാണിക്കുന്ന പഠിച്ചകള്ളി തന്നെയാണ് എസ്എഫ്ഐ നേതാവായ വിദ്യ എന്ന് പകൽ പോലെ വ്യക്തമാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും ആവർത്തിച്ച് പറയുന്നതും വെല്ലുവിളിക്കുന്നതും ന്യായീകരിച്ചതുമായ കാര്യം വിദ്യ എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ല ഇത്തരം തട്ടിപ്പുകൾ കാണിച്ചതെന്നാണ്. എന്നാല്‍ കാലടി സംസ്കൃത സർവകലാശാല സെന്‍ററിൽ എസ്എഫ്ഐ യുയുസി ആയും അതോടൊപ്പം തന്നെ ശങ്കരാ കോളജിലെ അധ്യാപികയായും ഒരേസമയം വിദ്യ പ്രവർത്തിച്ചു എന്നതാണ് വ്യക്തമാവുന്നത്. എസ്എഫ്ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബർ 25ന് സംസ്ഥാന സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019- 20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം നേടിയതും അവിടെയും തട്ടിപ്പും സംവരണ അട്ടിമറിയും ഉന്നത സ്വാധീനവും എല്ലാം കൈമുതലാക്കി വിദ്യ പ്രവർത്തിച്ചതുമെന്ന് മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.
സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യം പറഞ്ഞ വിസി ധർമ്മരാജൻ അടാട്ട് പിന്നീട് നിലപാടിൽ നിന്നും പിന്നോട്ട് പോകേണ്ടിവന്നത് കേവലം ഒരു നിലപാട് മാറ്റം മാത്രമല്ല കൃത്യമായ രേഖകൾ സഹിതം തെളിവുകൾ പുറത്തുവരും എന്ന ബോധത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഏറ്റുപറച്ചിൽ ആണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. യുജിസി റെഗുലേഷൻ അനുസരിച്ച് 20% എസ്.സി – എസ്.ടി സംവരണം നിർബന്ധമാണ്. അത് വിദ്യയുടെ പിഎച്ച്ഡി പ്രവേശന ലിസ്റ്റിൽ പാലിക്കപ്പെട്ടില്ല. മൂന്നുവർഷം അധ്യാപന പരിചയം നിർബന്ധമാണ് എന്ന മാനദണ്ഡമുള്ള കണ്ണൂർ സർവകലാശാല മൂല്യനിർണ്ണയ ക്യാമ്പിൽ വിദ്യ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം വേണം. അവിടെയും ഇത്തരത്തിൽ ഏതെങ്കിലും വ്യാജ രേഖ സമർപ്പിച്ചിട്ടാണോ എന്നതും ഉന്നത സ്വാധീനത്തിലാണോ ആ ലിസ്റ്റിൽ ഉൾപ്പെടുന്നത് എന്നതും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.
കോളേജിൽ പഠിക്കുമ്പോൾ കോഴ്സ് പൂർത്തിയാക്കാൻ കൃത്രിമമാർഗം സ്വീകരിക്കുകയും ഇന്‍റേണൽ മാർക്ക് ലഭിക്കാതിരിക്കുമ്പോൾ ഗുരുനാഥന്മാരുടെ കാറും വീടും അക്രമിക്കുകയും ചെയ്യുന്ന കെ വിദ്യ ഉൾപ്പെടെയുള്ള എസ്എഫ്ഐക്കാരെ ഗുജറാത്തിലേക്ക് അയച്ച് സബർമതി ആശ്രമത്തിൽ സേവനം ചെയ്യാൻ അയക്കണമെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കേരളത്തിലെ ഭരണ നേതൃത്വത്തിന്‍റെ പിന്തുണയിൽ വിദ്യാഭ്യാസത്തിൽ വിദ്യ മാറ്റി വെറും അഭ്യാസമാക്കി മാറ്റി സംഘടനയ്ക്ക് വേണ്ടി ക്രിമിനൽ സംഘങ്ങളെ സൃഷ്ടിക്കാൻ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
‘എന്നാലും എന്‍റെ വിദ്യേ’ എന്ന് പരിതപിച്ച ശ്രീമതി ടീച്ചർ ‘എന്നാലും എന്‍റെ പോലീസേ’ എന്ന് കൂടി ചോദിക്കാൻ തയാറാവണം. കുരുടൻ ആനയെ കണ്ടത് പോലെയാണ് ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പോലും പ്രതികരിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി പി സനൂജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.