വീണ്ടും എസ്.എഫ്.ഐ ആക്രമണം : കെ.എം അഭിജിത്തിന് തലയ്ക്ക് പരിക്ക് ; രമേശ് ചെന്നിത്തല പ്രതിഷേധ വേദിയില്‍

Jaihind News Bureau
Friday, November 29, 2019

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ആക്രമണം. കെ.എസ്.യു പ്രവർത്തകനെ മര്‍ദിച്ചത് അന്വേഷിക്കാനെത്തിയ സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചു. ആക്രമണത്തില്‍ കെ.എം അഭിജിത്തിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ആണി തറച്ച പട്ടിക കഷണങ്ങളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു എസ്.എഫ്.ഐ ആക്രമണം.

യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്.എഫ്.ഐ ആക്രമണത്തെ ശക്തമായി അപലപിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസ് നിലപാടിനെ രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് എസ്.എഫ്.ഐ പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.യുടെ അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.